Hymns - Shiva (ശിവ സ്തോത്രങ്ങള്‍)

ശിവപ്രസാദ പഞ്ചകം.

 

1   
ശിവ, ശങ്കര, ശര്‍വ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!

2   
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

3   
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.

4   
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.

5   
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ.

സദാശിവദര്‍ശനം

 
1    മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ-
    റ്റിണങ്ങി നില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കി നക്കിടും
    ഗുണം നിറഞ്ഞ കോമളക്കുടടത്തിലന്നുമിന്നുമി-
    ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മങ്ഗളം.

2    കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ട കണ്ടെഴും-
    കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
    ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
    ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.

3    'അരം' തിളച്ചു പൊങ്ങുമാടലാഴി നീന്തിയേറിയ-
    ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ
    ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക-
    ണ്ടിരന്നുനിന്നിടുന്നിതെന്‍ മുടിക്കു ചൂടുമീശനേ!

4    ശനൈരുയര്‍ന്നുയര്‍ന്നു വന്നു നിന്നു കൊന്നുതിന്നിടും
    ദിനം ദിനം ദിനേശനിന്ദുവെന്നു രണ്ടു കന്ദുകം
    മനം കവിഞ്ഞു മാറിയാടുമങ്ങു മണ്ണൊടെണ്ണുമി
    ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ

5    ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നു തന്നെയെന്നു
    കൈവരുന്നിതെന്നിയടിയനില്ല കാംക്ഷിതം
    ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-
    മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ.

6    നിനയ്ക്കിലിന്ദുചൂഡനൊന്നു തന്നെ നീയൊഴിഞ്ഞു മ-
    റ്റെനിക്കു ദൈവമില്ല പൊന്‍വിളക്കിളയ്ക്കുമാഴിയേ,
    മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കി നക്കിടും
    കനം കുറഞ്ഞ മേനിയേ, കനിഞ്ഞു വന്ന കന്നലേ.

7    നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല-
    ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
    ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലര്‍ന്ന പൂ-
    ങ്കുലയ്ക്കു കുമ്പിടും പടിയ്ക്കിനിക്കനിഞ്ഞു കൂറു നീ.

8    കനിഞ്ഞു മണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറെറാട-
    ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും
    മണം കലര്‍ന്ന മേനിയേതതിന്നു നീ മലര്‍ന്നിടും
    മണിക്കു മാനമില.  മല്ലിടുന്നൊരല്ലുമില്ലിതില്‍.

9    ഇതില്‍ക്കിടന്നു കേണു വാണു നാള്‍ കഴിഞ്ഞിടുന്നിനി-
    ക്കിതില്‍പ്പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം?
    മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ, കനിഞ്ഞു മു-
    ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ.

10    അടിക്കു പന്നി പോയി നിന്‍മുടിക്കൊരന്നവും പറ-
    ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
    എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
    നടിച്ചിടും നമശ്ശിവായ നായകാ നമോ നമഃ

ശിവശതകം

 
1    അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍
    മുഴുചെവിയിന്‍ മുറികൊമ്പുകൊണ്ടു മുന്നം
    എഴുതി നിറച്ചെളിയോര്‍ക്കിണങ്ങി നില്‍ക്കും
    മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക!

2    അരുമാറ നാലുമൊരിക്കലോതി മുന്നം
    കരിമുകില്‍വര്‍ണ്ണനു പങ്കുചെയ്തു നല്കി
    പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞ-
    പ്പരിമളഭാരതി കാത്തുകൊള്‍ക.

3    കനകമയില്‍മുകളേറി വേലുമേന്തി-
    ക്കനിവൊടു കണ്ണിണ കണ്‍കണം നിറഞ്ഞു   
    ജനിമരണച്ചുടുകാടിലാടി വെണ്ണീ-
    റണിതിരുമേനി തുണയ്ക്കണം സദാ മേ.

4    സനകസനന്ദസനത്കുമാരര്‍ മുന്‍പാം
    മുനിജനമോടുപദേശമോതി മുന്നം
    കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍-
    ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തുകൊള്‍ക!

5    ശിവ ശിവ നിന്‍ തിരുനമമോര്‍ത്തു കണ്ടാ-
    ലെവിടെയുമൊന്നുമിതിന്നു തുല്യമില്ല
    ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ-
    നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!

6    ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
    തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
    ഹര ഹര പിന്നെയിതാരറിഞ്ഞിടുന്നു
    കരളിലിരുന്നു കളിച്ചിടുന്ന കോലം!

7    ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും
    തിറമിയലും ഫണിമാലയും ത്രിപുണ്ഡ്ര-
    ക്കുറികളുമമ്മദനം പൊരിച്ച കണ്ണും
    ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.

8    ദിനമണി തിങ്കളണിഞ്ഞ കണ്ണു രണ്ടും
    മണിമയകുണ്ഡലകര്‍ണ്ണയുഗ്മവും തേ
    കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി-
    ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.

9    പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി-
    പ്പഴമൊടു പോരിലെതിര്‍ത്തിടുന്ന ചുണ്ടും
    കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും
    മുഴുമതിപോലെ കവിള്‍ത്തടങ്ങളും തേ.

10    അമൃതൊഴുകും തിരമാലപോലെ തള്ളും
    തിമൃതയുതത്തിരുവാക്കുമെന്‍ ചെവിക്ക്
    കുമറിയെരിഞ്ഞു കുമിഞ്ഞെഴും മനത്തി-
    ക്കമൃതു ചൊരിഞ്ഞതുപോലെയുള്ള നോക്കും.

11    കുവലയമൊക്കെ വിളങ്ങിടുന്ന  പുത്തന്‍-
    പവിഴമലയ്ക്കു മുളച്ചെഴും നിലാവും
    തഴുവിന വെണ്‍മതിതാരകങ്ങളും നീ-
    ന്നൊഴിവറെ രക്ഷകള്‍ ചെയ്യുവാന്‍ തൊഴുന്നേന്‍.

12    അരവവുമെല്ലുമിടയ്ക്കിടയ്ക്കണിഞ്ഞും
    കരിമുകില്‍ കണ്ടു കുനിഞ്ഞിടും കഴുത്തും
    വരദമഭീതികുരംഗശൂലപാണി-
    നിരകളൊടും തിരുമേനിയെന്നു കാണാം?

13    ഉരകലസ്തകൃതമാലമാല ചാര്‍ത്തി-
    ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
    ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
    ട്ടൊഴുകിടുമെന്നകണക്കു രോമരാജി.

14    ഒഴുകിടുമംബരഗങ്ഗ തന്റെ നീരില്‍-
    ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
    ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
    ട്ടൊഴുകിടുമെന്നകണക്കു രോമരാജി.

15    തുടയിണതന്നിലുരിച്ച വാരണത്തോല്‍-
    പ്പടയുടയോടയുടുത്തതിന്‍ പുറത്ത്
    പടമൊരു കൈയിലെടുത്തു വാലുമായി-
    ക്കിടിയില്‍ മുറുക്കിയ കാഞ്ചിയെന്നു കാണാം.

16    കരിയുരി കെട്ടിയുടുത്തനന്തകച്ച-
    പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും
    പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി-
    ത്തിരുവിളയാടലിതെന്നു കാണുമീ ഞാ?

17    മലരടി രടിലുമിട്ട പുഞ്ചിലങ്ക-
    ക്കുലകള്‍ കൊരുത്തു കളിച്ചിടുന്ന നേരം
    കലകലയെന്നു കിലുങ്ങിടും ചിലമ്പി-
    ന്നൊലി ചെവി രണ്ടിലുമെന്നു കേള്‍ക്കുമീ ഞാന്‍?

18    മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്
    വടിവൊടു നിന്നു വിളങ്ങിടും വിളക്കിന്‍
    ചുടലൊളി ചുട്ടു തുടച്ചു ശോകമാകും
    കടലതുകൊണ്ടു കടന്നിടുന്നു കൂലം.

19    കുവലയനായകനര്‍ക്കനഗ്നിഹോതാ-
    വവനി തുടങ്ങിയ ഭൂതിഒയഞ്ചുമിന്നീ
    തവ മറിമായമിതാര്‍ക്കറിഞ്ഞിടാവൂ
    കവിജജകല്പിതകാവ്യമെന്നപോലെ!

20    മതികല ചൂടിയ പൊന്‍കുടം മതിക്കു-
    ള്ളതിമൃദുകോമളനാടകം നടപ്പാന്‍
    കൊതി പെരുകുന്നതുകൊണ്ടു കണ്ടതെല്ലാ-
    മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!

21    ഭഗവതിയമ്മ പകുത്തു പാതി വാങ്ങി-
    പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ,
    ഭഗവതി നിന്‍ തിരുമേനിതന്നിലിന്നൊ-
    രഗതിയിരിപ്പതിനാഗ്രഹിച്ചിടുന്നു.

22    പശുപതി പാശമൊഴിച്ചു പാഹി മാമോ-
    രശുഭമെനിക്കണയാതെ തക്കവണ്ണം
    പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ-
    നശുചിയിതെന്നകതാരിലൊര്‍ത്തിടാത്തു.

23    അതിസരണം വമി തന്നെ വന്നിതിന്നാ-
    ളതിപരിദേവന ചെയ്തതൊക്കെയും നിന്‍
    മതിയിലറിഞ്ഞു, മറഞ്ഞു പിന്നെയും ഞാന്‍
    ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!

24    മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും
    പുലിയുമതിന്നിരുപാടുമുണ്ടു കാവല്‍
    പുലയനെടുത്തു ഭജിച്ചു പാതിയിന്നും
    വിലസതി നീയുമെടുത്തുകൊള്‍ക നെഞ്ചേ!

25    ധരണിയിലിങ്ങനെ വാഴുവാനസഹ്യം
    മരണവുമില്ല നമുക്കു പാര്‍ത്തു കണ്ടാല്‍
    തരുണമിതെന്നു ധരിച്ചു താപമെല്ലാം
    സ്മരഹാര, തീര്‍ത്തെഴുനള്ളുകെന്റെ മുമ്പില്‍.

26    വയറു പതപ്പതിനുണ്ടു കണ്ടതെല്ലാം
    കയറി മറിഞ്ഞു മരിച്ചിടുന്നതിന്‍ മുന്‍
    ദയ തിരുമേനി മനസ്സിലോര്‍ത്തു ഭക്തി-
    ക്കയറു കൊടുത്തു കരേറ്റണം മനം മേ.

27    അരുള്‍ വടിവായൊരുപോല്‍ നിറഞ്ഞു നില്‍ക്കും
    പരമശിവന്‍ ഭഗവാനറിഞ്ഞു സര്‍വ്വം
    സുരനദി തിങ്കളണിഞ്ഞ ദൈവമേ! നിന്‍-
    തിരുവടി നിത്യമനുഗ്രഹിച്ചിടേണം.

28    മുഴുമതിമൂടു  തുരന്നു മുത്തെടുത്ത-
    ക്കുഴിയിലടച്ച കുരങ്ഗമുണ്ടു കൈയില്‍
    തഴലെരിയും പൊഴുതൂറി മൂലമോളം
    പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.

29    ജനിമൃതി രോഗമറുപ്പതിന്നു സഞ്ജീ-
    വനി പരമേശ്വരനാമമെന്നിയില്ല.
    പുനരതുമൊക്കെ മറന്നു, പൂത്തു കായ്ക്കും
    പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം.

30    നരഹരിമൂര്‍ത്തി നമിച്ചിടുന്ന നെറ്റി-
    ത്തിരുമിഴിതന്നിലെരിച്ച മാരനിന്നും
    വരുവതിനെന്തൊരു കാരണം പൊരിച്ചീ-
    ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.

31    പറവകള്‍ പത്തുമറുത്തു പറ്റി നില്‍ക്കും
    കുറികളൊഴിച്ചു കരുത്തടക്കിയാടും
    ചെറുമണി ചെന്നു ചെറുത്തു കാളനാഗം
    നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.

32    ശിവ! ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി-
    ന്നവധി പറഞ്ഞൊഴിയാതെ നാദവും നിന്‍
    സവനമതിന്നു സമിത്തതാക്കി ഹോമി-
    പ്പവനിവനെന്നരുളീടുകപ്പനേ നീ.

33    ചെറുമയിര്‍ തോലു പൊതിഞ്ഞു ചത്തുപോവാന്‍
    വരവുമെടുത്തു വലത്തു വലത്തു വായുവിന്മേല്‍
    ചരുകു ചുഴന്നു പറന്നിടുന്നവണ്ണം
    തിരിയുമതിങ്ങു വരാതെ തീയിടേണം.

34    കരുമന ചെയ്തു കളിച്ചു കള്ളമെല്ലാം
    കരളിലമര്‍ത്തിയൊരല്പനെക്കുറിച്ച്
    കരുണയിരുത്തിയനുഗ്രഹിച്ചിടേണം
    കരപെരുകിക്കവിയും സമുദ്രമേ നീ

35    തൊഴിലുകളഞ്ജുമൊഴിഞ്ഞു തോന്നി നില്ക്കും
    മുഴുമതിയായി കടഞ്ഞെടുത്തു മുന്നം
    ഒഴുകിവരുന്നമൃതുണ്ടു മാണ്ടുപോകാ-
    തൊഴുവിലൊടുക്കമുദിക്കുമര്‍ക്കബിംബം.

36    ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി-
    ങ്ങൊരു തുണ താണ്ഡവമൂര്‍ത്തി പാര്‍ത്തലത്തില്‍
    സ്മരഹര! സാംബ സദാപി നീ തെളിഞ്ഞി-
    ങ്ങൊരു കൃപ നല്കുകിലെന്തു വേണ്ടു പിന്നേ?

37    ഉമയൊഠുകൂടിയടുത്തു വന്നു വേഗം
    മമ മതിമോഹമറുത്തു മെയ് കൊടുത്ത്
    യമനുടെ കയ്യിലകപ്പെടാതെയെന്നും
    സമനില തന്നു തളര്‍ച്ച തീര്‍ത്തിടേണം.

38    ചലമിഴിമാരുടെ ചഞ്ചു കണ്ടു നില്ക്കും
    നില നിടിലത്തിരുനോക്കു വച്ചറുത്ത്
    പല പല ലീല തുടര്‍ന്നിടാതെ പാലി-
    ച്ചലിവൊടു നിന്‍ പദപങ്കജം തരേണം.

39    കടിയിടങ്കലൊളിച്ചിരുന്നു കൂടും
    പൊടിയിലുടുണ്ടു പിരണ്ടു പോക്കടിപ്പാന്‍
    അടിയനു സംഗതി വന്നിടാതിരുത്തി-
    പ്പടിയരുളീടുക പാര്‍വ്വതീശ പോറ്റി.

40    യമനൊടു മല്ലു പിടിപ്പതിന്നു നീതാ-
    നിമയളവും പിരിയാതിരുന്നുകൊള്‍ക!
    സുമശരസായകസങ്കടം സഹിപ്പാന്‍
    നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!

41    സുഖവുമൊരിക്കലുമില്ല ദുഖമല്ലാ-
    തിഹപരലോകവുമില്ല തെല്ലു പോലും;
    സകലമതിങ്ങനെ ശാസ്ത്രസമ്മതം, ഞാന്‍
    പകലിരവൊന്നുമറിഞ്ഞതില്ലപോറ്റി.

42    ഒരുകുറി നിന്‍ തിരുമേനി വന്നു മുന്നില്‍-
    തിരുമുഖമൊന്നു തിരിച്ചുനോക്കിയെന്നില്‍
    പെരുകിന സങ്കടവന്‍കടല്‍ കടത്തി-
    ത്തരുവതിനെന്നു തരം വരും ദയാലോ!

43    അവനിയിലഞ്ചുരുവപ്പില്‍ നാലുമഗ്നി-
    ക്കിവയൊരു മൂന്നുരു രണ്ടു കാറ്റില്‍ വാനില്‍
    തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ-
    നെവിടെയുമുണ്ടു നിറഞ്ഞു നിന്നീടുന്നു.

44    മലമകളുണ്ടൊരുപാടു മാറിടാതെ
    മുലകളുലഞ്ഞമൃതൂറ്റി മോദമാകും
    മലമുകളീന്നൊഴുകും പുഴയൊഴിയെന്‍
    തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!

45    ഭസിതമണിഞ്ഞു പളുങ്കൊടൊത്തു നിന്നം-
    ഭസി തലയില്‍തിരമാല മാല ചൂടി
    ശ്വസിതമശിക്കുമലംകൃതീകലാപി-
    ച്ചസി തിരുമേനിയിരങ്ങവേണമെന്നില്‍.

46    അഹമൊരു ദോഹമൊരുത്തരോടു ചെയ്‌വാ-
    നകമലരിങ്കലറിഞ്ഞിടാതവണ്ണം
    സകലമൊഴിച്ചുതരേണമെന്നുമേ ഞാന്‍
    ഭഗവതനുഗ്രഹപാത്രമായ് വരേണം.

47    പുരഹര, പൂര്‍വ്വമിതെന്തു ഞാന്‍ പിഴച്ചി-
    പ്പരവശഭാവമൊഴിഞ്ഞിടായ്‌വതിന്ന്?
    പുരമെരിചെയ്തതുപോലെ ജന്മജന്മാ-
    ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.

48    സുമശരവേല തുരത്തിയോട്ടി നീതാ-
    നമരണമെന്‍ മനതാരിലെന്നുമെന്നില്‍
    കുമതികുലം കൊലയാനപോലെ കുത്തി-
    ത്തിമിരനിരയ്ക്കു തിമിര്‍ത്തിടാതിരിപ്പാന്‍.

49    ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്മി-
    യ്ക്കവമതി ചെയ്വതിനുള്ള നിന്‍ കടാക്ഷം
    ഭവമൃതി മൂടു പറിഞ്ഞുപോകുമാറി-
    ങ്ങിവനു തരേണമതിന്നു വന്ദനം തേ.

50    കരണവുമങ്ങു കുഴഞ്ഞു കണ്ണു രണ്ടും
    ചെരുകിയിരുണ്ടു ചമഞ്ഞു ജീവനാശം
    വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും
    ഹര! ഹര! നിന്‍തിരുനാമമുള്ളില്‍ വേണം.

51    ജയ ജയ ചന്ദ്രകലാധര! ദൈവമേ!
    ജയ ജയ ജന്മവിനാശന! ശങ്കര!
    ജയ ജയ ശൈലനിവാസ! സതാം പതേ!
    ജയ ജയ പാലയ മാമഖിലേശ്വര!

52    ജയ ജിതകാമ! ജനാര്‍ദ്ദനസേവിത!
    ജയ ശിവ! ശങ്കര! ശര്‍വ്വ! സനാതന!
    ജയ ജയ മാരകളേബരകോമളേ!
    ജയ ജയ സാംബ സദാശിവ പാഹി മാം.

53    കഴലിണ കാത്തു കിടന്നു വിളിക്കുമെ-
    ന്നഴലവിടുന്നറിയാതെയിരിക്കയോ?
    പിഴ പലതുണ്ടിവനെന്നു നിനയ്ക്കയോ
    കുഴിയിരിരുന്നു കരേറുവതെന്നു ഞാന്‍?

54    മഴമുകില്‍വര്‍ണ്ണനുമക്ഷി പറിച്ചു നിന്‍-
    കഴലിണ തന്നിലൊരര്‍ച്ചന ചെയ്തുപോല്‍
    കഴി വരുമോയിതിനിന്നടിയന്നു, നിന്‍-
    മിഴിമുന നല്കിയനുഗ്രഹമേകണേ!.

55    ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-
    ന്നഴലതിലിട്ടുരുകും മെഴുകെന്നപോല്‍
    കഴലിണയിങ്കലടങ്ങുവതിന്നു നീ   
    വഴിയരുളീടുക വാമദേവ, പോറ്റി.

56    മലമുകളീന്നു വരുന്നൊരു പാറപോല്‍
    മുലകുടി മാറിയനാള്‍ മുതല്‍ മാനസം
    അലര്‍ശരസായകമല്ലു പിടിച്ചു നിന്‍
    മലരടിയും ജഗദീശ മറന്നു ഞാന്‍.

57    കുലഗിരി പോലെയുറച്ചിളകാതെയി-
    ക്കലിമലമുള്ളിലിരുന്നു മറയ്ക്കയാല്‍
    ബലവുമെനിക്കു കുറഞ്ഞു ചമഞ്ഞു നിര്‍-
    മ്മലനിലയെന്നു തരുന്നടിയന്നു നീ?

58    കുലവുമന്നു കുടുംബവുമങ്ങനെ
    മലയിരുന്നു മഹേശ്വരസേവനം
    കലയതു കാലമനേകഭയം ഭവാനന്‍
    തലയില്‍ വിധിച്ചതു സമ്മതമായ് വരും.

59    വകയറിയാതെ വലഞ്ഞിടുമെന്നെ നീ
    ഭഗവതിയോടൊരുമിച്ചെഴുനള്ളിവ-
    ന്നകമുരുകുംപടി നോക്കിടുകൊന്നു മാ-
    മഘമൊരുനേരമടുത്തു വരാതിനി.

60    അരുവയര്‍ തന്നൊടു കൂടിയോടിയാടി-
    ത്തിരിവതിനിത്തിരി നേരവും നിനപ്പാന്‍
    തരമണയാതെയുരുക്കിയെന്മനം നിന്‍-
    തിരുവടിയൊടൊരുമിച്ചു ചേര്‍ത്തിടേണം.

61    ഒരു പിടി തന്നെ നമുക്കു നിനയ്ക്കിലി-
    ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം
    കരളിലിരുന്നു കളഞ്ഞഖിലം നിറ-
    ഞ്ഞിരിയിരിയെന്നരുളുന്നറിവെപ്പൊഴും.

62    കരമതിലുണ്ടു കരുത്തുമടക്കിനി-
    ന്നരികിലിരുന്നു കളിപ്പതിനെന്നു മേ
    വരമരുളുന്നതു, വാരിധിയെന്നപോല്‍
    കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!

63    പുരമൊരു മൂന്നുമെരിച്ച ഭവാനൊഴി-
    ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം.
    തരമെനിക്കതുകൊണ്ടഘമൊക്കെയും
    തരണമഹങ്കരവാണി ഭവാര്‍ണ്ണവം.

64    പരമൊരു തുമ്പമെനിക്കു ഭവാനൊഴി-
    ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം
    തരണമെനിക്കതുകൊണ്ടഘമൊക്കെയും
    തരണമഹങ്കരവാണി ഭവാര്‍ണ്ണവം.

65    മിഴികളില്‍ നിന്നൊഴുകുന്നമൃതത്തിര-
    പ്പൊഴികളില്‍ വീണൊഴുകും പരമാഴിയില്‍
    ചുഴികളില്‍ നിന്നു ചുഴന്നു ചുഴന്നു നിന്‍
    കഴല്‍കളില്‍ വന്നണയുന്നതുമെന്നു ഞാന്‍?

66    മഴ പൊഴിയുന്നതുപോല്‍ മിഴിയിങ്കല്‍ നി-
    ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും
    പഴയൊരു ഭക്തജനം ഭവസാഗര-
    ക്കുഴിയ്തില്‍ നിന്നു കടന്നു കശ്മലന്‍ ഞാന്‍.

67    വഴിയിരുന്നു വരുന്നു ബാധയെല്ലാ-
    മൊഴിയണമെന്നൊരു നേരമെങ്കിലും മേ
    മിഴികളില്‍ നിന്നമൃതൂറിയറിഞ്ഞു നിന്‍-
    കഴലിണ കണ്ടു കളിപ്പതിനാഗ്രഹം.

68    പിഴ പലതുള്ളിലിരുന്നു പലപ്പോഴും
    ചുഴല്‍വതുകൊണ്ടു ശിവായ നമോസ്തു തേ
    പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-
    നഴലതിലിട്ടലിയുന്നൊരു വെണ്ണപോല്‍.

69    മിഴിമുനകൊണ്ടു മയക്കി നാഭിയാകും
    കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി   
    കിഴിയുമെടുത്തു വരുന്ന മങ്കമാര്‍ താന്‍
    വഴികളിട്ടു വലയ്ക്കൊലാ മഹേശാ!

70    തലമുടി കോതി മിടഞ്ഞു തക്കയിട്ട-
    ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
    തലയുമുയര്‍ത്തി വിയത്തില്‍ നോക്കിനില്ക്കും
    മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!

71    കുരുവുകള്‍പോലെ കുരുത്തു മാര്‍വിടത്തില്‍
    കരളു പറിപ്പതിനങ്ങു കച്ചകെട്ടി
    തരമതു നോക്കി വരുന്ന തീവിനയ്ക്കി-
    ന്നൊരുകുറി പോലുമയയ്ക്കൊലാ മഹേശാ!

72    കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-
    ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി
    തടമുലയേന്തി വരുന്ന കൈവളപ്പെണ്‍-
    കൊടിയടിപാര്‍ത്തു നടത്തൊലാ മഹേശാ!

73    കരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും
    നരകനടുക്കടലില്‍ ഭ്രമിയാതെ, നിന്‍
    ചരിതരസാമ്യമെന്നുടെ മാനസേ
    ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.

74    ശരണമെനിക്കു ഭവച്ചരണാംബുജം
    നിരുപമനിത്യനിരാമയമൂര്‍ത്തിയേ!
    നിരയനിരയ്ക്കൊരുനേരവുമെന്നെ നീ
    തിരിയുവതിന്നൊരുനാളുമയയ്ക്കൊലാ.

75    പരമപാവന! പാഹി പുരാരയേ
    ദുരിതനാശന ധുര്‍ജ്ജടയേ നമ:
    ചരണസാരസയുഗ്മനിരീക്ഷണം
    വരണതെന്നു വലാന്തകവന്ദിതാ!

76    സരസിചായതലോചന! സാദരം
    സ്മരനിഷൂദന! മാമവ നീ പതേ!
    കരുണ നിന്മനതാരിലുദിക്കണം
    ഗിരിശ! മയ്യനുവാസരമെപ്പൊഴും.

77    പുതിയ പൂവു പറിച്ചു ഭവാനെ ഞാന്‍
    മതിയിലോര്‍ത്തൊരു നേരവുമെങ്കിലും
    ഗതിവരും പടി പൂജകള്‍ ചെയ്തതി-
    ല്ലതിനുടേ പിഴയോയിതു ദൈവമേ!

78    പതിവതായിയൊരിക്കലുമെന്മനം
    കുതിയടങ്ങിയിരിക്കയുമല്ലയേ!
    മതിയുറഞ്ഞ ജടയ്ക്കണിയുന്ന നീ-
    രതിരഴിഞ്ഞൊഴുകീടിന മേനിയേ!

79    വിധി വരച്ചതു മാറി വരാന്‍ പണി   
    പ്രതിവിധിക്കുമകറ്റരുതായത്
    ഇനി പറഞ്ഞു വരുന്നു മഹാജനം
    മതിയിലൊന്നടിയന്നറിയാവതോ?

80    സ്തുതി പറഞ്ഞിടുമെങ്കിലനാരതം
    മുദിതരാകുമശേഷജനങ്ങളും
    അതുമിനിക്കരുതേണ്ടതില്‍നിന്നെഴും
    പുതയലും ബത! വേണ്ട ദയാനിധേ!

81    അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി-
    ന്നതിരസക്കരുണത്തിരമാലയില്‍
    ഗതി വരും പടി മുങ്ങിയെഴുന്നു, നി-
    ല്പതിനു നീയരുളേണമനുഗ്രഹം.

82    കുമുദിനി തന്നിലുദിച്ചു കാലു വീശി-
    സ്സുമശരസാരഥിയായ സോമനിന്നും
    കിമപി കരങ്ങള്‍ കുറഞ്ഞു കാലുമൂന്നി-
    ത്തമസി ലയിച്ചു തപസ്സു  ചെയ്തിടുന്നു.

83    കല മുഴുവന്‍ തികയും പൊഴുതായ്വരും
    വിലയമിതെന്നകതാരില്‍ നിനയ്ക്കയോ?
    അലര്‍ശരമൂലവിരോധിയതായ നിന്‍
    തലയിലിരുന്നു തപിക്കരുതിന്നിയും.

84    അലയൊരു കോടിയലഞ്ഞു വരുന്നതും
    തലയിലണിഞ്ഞു തഴച്ചു സദായ്പൊഴും
    നിലയിളകാതെ നിറഞ്ഞു ചിദംബര-
    സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമ:

85    മലമുകളേറി വധിച്ചു മൃഗങ്ങള്‍ തന്‍
    തൊലികളുരിച്ചു തരുന്നതിനിന്നിവന്‍
    അലമലമെന്നു പുരൈവ ഭവാനുമെന്‍
    തലയില്‍ വരച്ചതിതെന്തൊരു സങ്കടം.

86    നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം
    തലയണപോലെ തടിച്ചു തീറ്റി തിന്ന്
    തുലയണമെന്നു പുരൈവ ഭവാനുമെന്‍
    തലയില്‍ വരച്ചതിതെന്തൊരു സങ്കടം.

87    കലിപുരുഷന്‍ കടുവാ പിടിപ്പതിന്നായ്
    മലയിരിരുന്നു വരുന്നവാറു പോലെ   
    കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലും
    തലയുമറുത്തു കരസ്തമാക്കുവാനായ്.

88    മലര്‍മണമെന്നകണക്കു മൂന്നു ലോക-
    ത്തിലുമൊരുപോലെ പരന്നു തിങ്ങി വീശി   
    കലശജലപ്രതിബിംബനഭസ്സുപോല്‍
    പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ.

89    മലജലമുണ്ടൊരുപാടു നിറഞ്ഞു മു-
    മ്മലമതില്‍ മുങ്ങി മുളച്ചുളവാകുവാന്‍
    വിളനിലമങ്ങു വിതച്ചു പഴുത്തറു-
    ത്തുലകള്‍ ഭുജിച്ചലയുന്നതു സങ്കടം.

90    പലിതജരാമരണങ്ങള്‍ പലപ്പൊഴും
    പുലിയതുപോലെ വരുന്നു പിടിക്കുവാന്‍
    പൊലിവിതിനെന്നു വരുംഭഗവാനുടെ
    കളിയിവയൊക്കെയനാദിയതല്ലയോ!

91    ചില സമയം ശിവസേവ മുഴുക്കയാ-
    ലിളകരുതാതെയിരുന്നലിയും മനം
    പല പൊഴുതും ഭഗവാനുടെ മായയില്‍
    പലകുറിയിങ്ങനെ തന്നെയിരിക്കയോ?

92    അപജയമൊന്നുമെനിക്കണയാതിനി-
    ത്തപസി നിരന്തരമെന്മലമൊക്കെയും
    സപദി ദഹിച്ചു സുഖം തരുവാനുമെന്‍-
    ജപകുസുമത്തിരുമേനി ജയിക്കണം.

93    അവമതി ചെയ്തു തഴച്ച കാടുതന്നില്‍
    ഭവമൃതിവിത്തു മുളച്ചു മൂടുമൂന്നി
    ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
    ശവമെരി തിന്നുവതോ, നരിക്കൊരൂണോ?

94    ജനകനുമമ്മയുമാത്മസഖിപ്രിയ
    ജനവുമടുത്തയല്‍വാസികളും വിനാ
    ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
    തനിയെയിരിപ്പതിനേ തരമായ് വരൂ.

95    അണയലിരുന്നരുളീടുമനുഗ്രഹം
    ദിനമണി ചൂടിയ തമ്പുരാനിതൊന്നും
    അണുവളവും പിരിയാതെയിരിക്കുമെന്‍
    മണികള്‍ നമുക്കു വരും പിണി തീര്‍ത്തിടും.

96    പിണിയിനിക്കണയാതെയിനിത്തിരു-
    പ്പണിവുടയ്ക്കൊരു ഭക്തിയുറയ്ക്കണം
    തണലിലിരുന്നരുളുന്നതു ചെഞ്ചിട-
    യ്ക്കണിയുമംബരഗംഗയുടെ തിര.

97    അണിമുടിക്കണിയും തിരമാലയില്‍
    തണിയുമെന്‍ വ്യസനങ്ങളതൊക്കെയും
    പണിയറുപ്പതിനെപ്പൊഴുമത്തിരു-
    ക്കണികള്‍ കാട്ടുക കാമവിനാശന!

98    പണിയുമപ്ഫണിമാല പിരിച്ചു ചേര്-
    ത്തണിയുമച്ചിടയാടി വരുന്ന നി-
    ന്നണിമുഖാംബുജമക്ഷികള്‍ കൊണ്ടിനി-
    ക്കണിയണം കരുണാകലശാംബുധേ!

99    അമരവാഹിനി പൊങ്ങി വരും തിര-
    യ്ക്കമരമെന്ന കണക്കു പടങ്ങളും
    സമരസത്തില്‍ വിരിച്ചവങ്ങളോ-
    ടമരുമച്ചിടയാടിയടുക്കണം.

100    കുളിര്‍മതികൊണ്ടു കുളിര്‍ത്തു ലോകമെല്ലാ-
    മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി
    തെളുതെളെ വീശിവിളങ്ങി ദേവലോക-
    ക്കുളമതിലാമ്പല്‍ വിരിഞ്ഞു കാണണം മേ!

അര്‍ദ്ധനാരീശ്വരസ്തവം

 
1    അയ്യോയീ വെയില്‍കൊണ്ടു വെന്തുരുകി വാ-
    ടീടുന്നു നീയെന്നിയേ
    കയ്യേകീടുവതിന്നു കാണ്‍കിലൊരുവന്‍
    കാരുണ്യവാനാരഹോ!
    പയ്യാര്‍ന്നീ ജനമാഴിയില്‍ പതിവതി-
    ന്മുന്നേ പരന്നൂഴിയില്‍
    പെയ്യാറാകണമേ ഘനാംബു കൃപയാ
    ഗങ്ഗാനദീധാമമേ!

2    നാടും കാടുമൊരേ കണക്കിനു നശി-
    ച്ചീടുന്നതും നെക്കി ന-
    ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വര
    ണ്ടീടുന്നതും നിത്യവും
    തേടും ഞങ്ങളുമുള്ളു നൊന്തു തിരിയും
    പാടും പരീക്ഷിച്ചു നി-
    ന്നീടും നായകനെന്തു നന്മയരുളായ്
    വാനര്‍ദ്ധനാരീശ്വരാ?

3    ഊട്ടിത്തീറ്റി വളര്‍ത്തുമുമ്പര്‍തടിനീ-
    നാഥന്നുമിപ്പോളുയിര്‍-
    ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
    ന്തയ്യോ! കുഴപ്പത്തിലായ്    
    നാട്ടില്‍ക്കണ്ടതശേഷവും ബന്ത! നശി-
    ച്ചീടുന്നതു കണ്ടു നീ   
    മൂട്ടില്‍ത്തന്നെയിരുന്നിടുന്നു, മുറയോ?
    മൂളര്‍ദ്ധനാരീശ്വരാ!

4    ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
    ദാരുക്കളും ദൈവമേ!
    നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
    നീയൊന്നുമോര്‍ത്തില്ലയോ?
    ആരുള്ളിത്ര കൃപാമൃതമ് ചൊരിയുവാ-
    നെന്നോര്‍ത്തിരുന്നോരിലീ
    ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ?
    കൂറര്‍ദ്ധനാരീശ്വരാ!

5    മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
    ചൊല്‍പൊങ്ങുമപ്പും ധരിച്ചെപ്പോഴും
    പരമാത്മനിഷ്ഠായിലിരു-
    ന്നീടുന്നു നീയെന്തഹോ!
    ഇപ്പാരാരിനിയാളുമിപ്പരിഷയി-
    ന്നാരോടുരയ്ക്കുന്നു നിന്‍-
    തൃപ്പാദത്തണലെന്നിയേ തുണ നമു-
    ക്കാരര്‍ദ്ധനാരീശ്വരാ?

മനനാതീതം (വൈരാഗ്യദശകം)

മനനാതീതം (വൈരാഗ്യദശകം)
1   
കരിങ്കുഴലിമാരൊടു കലര്‍ന്നുരുകിയപ്പൂ-
ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു;
പെരുംകരുണയാറണിയുമയ്യനെ  മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?

2   
മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍
തരുന്നു പല നന്മ തടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിപായാ-
ലിരന്നിതു മറന്നുകളയായ്വതിനടുത്തേന്‍.

3   
അടുത്തവരൊടൊക്കെയുമെതിര്‍ത്തു പൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിര്‍മറന്നിവിടെടെയെന്തിനലയുന്നു.

4   
അലഞ്ഞു മുലയും തലയുമേന്തിയകതാരില്‍
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും
വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-
മ്മലങ്ങളോഴുകും കുടിലിലാണു വലയുന്നു.

5   
വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം
കളഞ്ഞതിലകപ്പറവ വീണു വലയുന്നു;
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?

6   
ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയിരോടിവിടെ നിന്നടിയിണയ്ക്കായ്.

7   
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും
പിണങ്ങളോടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും
പിണങ്ങളോടു ഞാനൊരു കിനാവിലുമിണങ്ങാ.

8   
ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു:
പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്
മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ.

9   
മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്‍കൊടി ചെറുത്തടിയിലാക്കി
മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്

10   
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കരുതനങ്ങ്ഗരിപുവേ നീ

കുണ്ഡലിനിപ്പാട്ട്

ആടു പുനം തേടു പാമ്പേ, യരു-
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ!

തിങ്കളും കൊന്നയും വിളങ്ങും ചൂടുമീശന്‍ പദ-
പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ!

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!

ആയിരം കോടിയനന്തന്‍ നീയാനന-
മായിരവും  തുറന്നാടു പാമ്പേ!

ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!

പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടുപാമ്പേ!

പേയും പിളവും പിറക്കും ചുടുകാടു
മേയും പരംപൊരുളാടു പാമ്പേ!

നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!

പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!

കാമനെച്ചുട്ട കണ്ണുള്ള കാലാരിതന്‍-
നാമം നുകര്‍ന്നു നിന്നാടു പാമ്പേ!

വെള്ളിമലയില്‍ വിളങ്ങും കേദപ്പൊരു-
ളുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!

എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!

എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേരി നിന്നാടു പാമ്പേ!

എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!

ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ!

ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്യറിഞ്ഞീടു പാമ്പേ!

നാടും നഗരവുമൊന്നായി നാവില്‍ നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങിടു-
മേകനമുണ്ടറിഞ്ഞീടു പാമ്പേ!

പേരിങ്കല്‍ നിന്നു പെരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!

ചേര്‍ന്നു നില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!

ചിജ്ജഡചിന്തനം

 
1    ഒരുകോടി  ദിവാകരരൊത്തുയരും-
    പടി  പാരൊടു നീരനലാദികളും
    കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍
    വടിവെന്നുമിരുന്നു വിളങ്ങിടണം.

2    ഇടണേയിരുകണ്‍മുനയെന്നിലതി-
    ന്നടിയന്നഭിലാഷമുമാപതിയേ!
    ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
    ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.

3    നിലമോടു നെരുപ്പു നിരന്നൊഴുകും
    ജലമാശുഗനംബരമഞ്ചിലുമേ
    അലയാതെയടിക്കടി നല്കുക നിന്‍
    നിലയിന്നിതുതന്നെ നമ്മുക്കു മതി.

4    മതി തൊട്ടു മണം മുതലഞ്ചുമുണര്‍-
    ന്നരുളോളവുള്ളതു ചിന്‍മയമാം
    ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
    മിതു രണ്ടിലുമായമരുന്നഖിലം.

5    അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം
    സുഖസാദ്ധ്യമിതെന്നു സുകാദികളും
    പകരുന്നു പരമ്പരയായ് പലതും
    ഭഗവാനുടെ മായയഹോ! വലുതേ.

6    വലുതും ചെറുതും നടുമദ്ധ്യവുമാ-
    യലയറ്റുയരുന്ന ചിദംബരമേ!
    മലമായയിലാണു മയങ്ങി മനം
    നില വിട്ടു നിവര്‍ന്നലയാതരുളേ.

7    അരുളേ തിരുമേനിയണഞ്ഞിടുമീ-
    യിരുളേ വെളിയേയിടയേ പൊരുതുവേ,
    കരളേ, കരളിങ്കലിരിക്കുമരും-
    പൊരുളേ, പുരി മൂന്നുമെരിച്ചവനേ!

8    എരികൈയ്യതിലെന്തിയിറങ്ങി വരും
    തിരുമേനി ചിദംബരമെന്നരുളും
    പുരി തന്നിലിരുന്നു പുരം പൊരി ചെയ്-
    തരുളുന്നതു തന്നെയൊരദ്ഭുതമാം   

9    പുതുമാംകനി പുത്തമൃതേ, ഗുളമേ,
    മധുവേ, മധുരക്കനിയേ, രസമേ,
    വിധിമാധവരാദി തിരഞ്ഞിടുമെന്‍
    പതിയേ പദപങ്കജമേ ഗതിയേ!

10    ഗതി നീയടിയന്നു ഗജത്തെയുരി-
    ച്ചതുകൊണ്ടുട ചാര്‍ത്തിയ ചിന്മയമേ,
    ചതി ചെയ്യുമിരുട്ടൊരു ജാതി വിടു-
    ന്നതിനിന്നടിയന്നരുളേകണമേ!

ഇന്ദ്രിയവൈരാഗ്യം

1    നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
    ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
    ബോധം കളഞ്ഞു പുറമേ ചുഴലും വെവിക്കൊ-
    രാതങ്കമില്ല, 'ടിയനുണ്ടി' തു തീര്‍ക്ക ശംഭോ!

2    കാണുന്ന കണ്ണിനൊരു  ദണ്ഡവുമില്ല കണ്ടെന്‍-
    പ്രാണന്‍ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
    കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍-
    ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!

3    ത്വക്കിനു ദു:ഖമൊരു നേരവുമില്ലതോര്‍ക്കില്‍
    ദു:ഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
    വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിന്‍-
    പോക്കല്‍പ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!

4    തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിന്‍മെയ്
    വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?
    മണ്ണിനു തൊട്ടു മതിയന്തമിരുന്നു മിന്നും
    കണ്ണിനു കഷടമിതു നിന്റെ വിഭൂതി ശംഭോ!

5    നാവിന്നെഴുന്ന നരകക്കടലില്‍ക്കിടന്നു
    ജീവന്‍ തളര്‍ന്നു ശിവമേ! കര ചേര്‍ത്തിടേണം
    ഗോവിന്ദനും നയനപങ്കജമിട്ടു കുപ്പി
    മേവുന്നു, നിന്‍ മഹിമയാരറിയുന്നു ശംഭോ!

6    നീരും നിരന്ന നിലവും കനലോടു കാറ്റും
    ചേരും ചിദംബരമതിങ്കലിരുന്നിടും നീ
    പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ-
    മാരിങ്ങു നിന്നൊടറിയപ്പതിനുണ്ടു ശംഭോ!

7    നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
    മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
    ജീവന്‍ വിടുമ്പൊഴതില്‍ നിന്നു തെളിഞ്ഞിടും പിന്‍
    നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.

8    കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
    ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
    പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
    ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?

9    ചിന്തിച്ചിടുന്നു ശിവമേ ചെറുപൈതലാമെന്‍
    ചിന്തയ്ക്കു ചേതമിതുകൊണ്ഠൊരുതെല്ലുമില്ലേ
    സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
    തെന്തിങ്ങു നിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!

10    അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു നീയെന്‍-
    മെയ്യോ കൊടുത്തു വിലയായ് വിലസുന്നുമേലില്‍
    കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
    പ്പൊയ്യിങ്കല്‍ നിന്നു പുതുമേനി പുണര്‍ന്നിടാനായ്.

കോലതീരേശസ്തവം

1    കലാശ്രയമെന്നായണയുന്നോര്‍ക്കനുകൂലന്‍
    ഫാലാക്ഷനധര്‍മ്മിഷ്ഠരിലേറ്റം പ്രതികൂലന്‍.
    പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തുര്‍
    കോലത്തുകരക്കോവിലില്‍ വാഴും പരമേശ.

2    ഈ ലോകമശേഷം ക്ഷണമാത്രേണ സ്യജിച്ചാ-
    രാലോകനമാത്രേണ ഭരിക്കുന്നനുവേലം
    ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ-
    ക്കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.

3    സര്‍വ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
    ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോന്‍
    ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
    കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.

4    ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
    ങ്ങാലോചന കൂടാതപഥത്തിങ്കലണഞ്ഞാല്‍
    ആ ലാക്കിലുടന്‍ സന്മതി തോന്നിക്കുകെനിക്കെന്‍
    കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.   

5    കൈകാല്‍ മുതലാമെന്നുടെയങ്ഗങ്ങളിലൊന്നും
    ചെയ്യാതൊരു സത്കര്‍മ്മമൊഴിഞ്ഞ,ങ്ങവിവേകാല്‍
    വയ്യാത്തതു ചെയ്യാന്‍ തുനിയാതാക്കുക വേണം
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

6    രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
    ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
    ഏകീടണമേ സൗഖ്യമെനിക്കന്‍പൊടു ശംഭോ
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

7    ദാരിദ്ര്യമഹാദു:ഖമണഞ്ഞിടരുതെന്നില്‍
    ദൂരത്തകലേണം മദമെന്നും സുജനാനാം
    ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

8    ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്‍ പൊറുത്തെന്‍
    താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
    പാപാപഹമാം നിന്‍പദമോര്‍ക്കായ് വരണം മേ
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

9    ധാതാവിനുമാ മാധവനും കൂടിയമേയം
    വീതാവധി നിന്‍വൈഭവമാരാണുര ചെയ്‌വാന്‍?
    ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

10    മാലുണ്ടതുരപ്പാന്‍ കഴിവില്ലാശ്ശിശുവിന്റെ
    പോലിങ്ങു നിരര്‍ത്ഥധ്വനിയാണെന്റെ പുലമ്പല്‍
    ആലംബനാമാമെങ്കിലുമംബാസമമിന്നെന്‍
    കോലത്തുകരക്കോവിലില്‍ വാഴും പരമേശ്വരന്‍.

സ്വാനുഭവഗീതി

1   
മങ്ഗളമെന്മേലരുളും
തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞന്‍,
സങ്ഗമൊന്നിലുമില്ലാ-
തങ്ഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും.

2   
കാണും കണ്ണിലടങ്ങി-
ക്കാണുന്നില്ലീ നിരന്തരം സകലം,
ക്വാണം ചെവിയിലടങ്ങു-
ന്നോണം ത്വക്കില്‍ തുലഞ്ഞു മറ്റതു പോം.

3   
പോമിതിപോലെ തുടങ്ങി-
പ്പോമറുരസ്മപ്പുറത്തു നാവതിലും,
പോമിതുപോലെ തുടങ്ങി-
പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം.

4   
ഇന്ദ്രിയമാടുമന്നാ-
ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം,
മന്നിലുരുണ്ടുവിഴുമ്പോല്‍
തന്നില കൈവിട്ടു തെറ്റി വടമറ്റാല്‍.

5   
അറ്റാലിരുളിലിരിക്കു-
ന്നുറേറാനിവനെന്നുരയ്ക്കിലല്ലലറും,
ചുറ്റും കതിരിടുവോന്‍ തന്‍
ചുറ്റായ് മറെറാരിരുട്ടു വിലസിടുമോ?
   
6   
വിലസിടുവോനിവനെന്നാ-
ലലസത താനെ കടന്നു പിടികൂടും,
നിലയിതു തന്നെ നമുക്കീ
നിലയനമേറുമ്പൊഴാണൊരാനന്ദം.

7   
ആനന്ദക്കടല്‍ പൊങ്ങി-
ത്താനേ പായുന്നിതാ പരന്നൊരു പോല്‍,
ജ്ഞാനം കൊണ്ടിതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം.

8   
ജനമിതു കണ്ടു തെളിഞ്ഞാല്‍
ജനിമൃതി കൈവിട്ടിരിക്കുമന്നിലയില്‍,
മനതളിരൊന്നു കലര്‍ന്നാ-
ലനവരതം സൗഖ്യമന്നു തന്നെ വരും.

9
വരുമിതൊലൊന്നു നിനയ്ക്കില്‍
കരളിലഴിഞ്ഞൊഴുകീടുമിമ്പമറും
കരുതരുതൊന്നുമിതെന്നാ-
ലൊരു പൊരുളായിടുമന്നു തന്നെയവന്‍.

10   
അവനിവനെന്നു നിനയ്ക്കു-
ന്നവനൊരു പതിയെന്നിരിക്കിലും പശുവാം
അവികലമാഗ്രഹമറ്റാ-
ലവകലിതാനന്ദവെള്ളമോടിവരും.

11   
ഓടിവരുന്നൊരു കൂട്ടം
പേടികളൊളി കണ്ടൊഴിഞ്ഞു പോമുടനേ,
മൂടുമൊരുരുള്‍ വന്നതു പി-
ന്നീടും വെളിവായ് വരുന്നു തേന്‍വെള്ളം.

12   
വെള്ളം തീ മുതലായ് നി-
ന്നുള്ളും വെളിയും നിറഞ്ഞു വിലസീടും
കള്ളം കണ്ടുപിടിച്ചാ-
ലുള്ളം കൈകണ്ട നെല്ലിതന്‍ കനിയാം.

13   
കനിയാമൊന്നിലിരുന്നി-
ക്കനകാഡംബരമതിങ്ങു കാണുന്നൂ,
പനിമതി ചൂടുമതിന്‍ മുന്‍-
പനികതിരൊളി കണ്ടിടുന്നപോല്‍ വെളിയാം.
   
14
വെളിയാമതു വന്നെന്‍ മുന്‍-
വെളിവായെല്ലാം വിഴുങ്ങി വെറുവെളിയായ്   
വെളി മുതലഞ്ചിലുമൊന്നായ്
വിളയാടീടുന്നതാണു തിരുനടനം.

15   
നടനം ദര്‍ശനമായാ-
ലുടനേതാനങ്ങിരുന്നു നടുനിലയാം,
നടുനില തന്നിലിരിക്കും
നെടുനാളൊന്നായവന്നു സൗഖ്യം താന്‍.

16   
സൗഖ്യം തന്നെയിതെല്ലാ-
മോര്‍ക്കുന്തോറും നിറഞ്ഞ സൗന്ദര്യം
പാര്‍ക്കില്‍ പാരടി പറ്റി-
പ്പാര്‍ക്കുന്നോനില്‍ പകര്‍ന്ന പഞ്ജരമാം.

17   
പഞ്ജരമാമുടല്‍ മുതലാം
പഞ്ഞിയിലറിവായിടുന്ന തീയിടിലും
മഞ്ഞുകണങ്ങള്‍ കണക്കി-
മ്മഞ്ജുളവെയില്‍കൊണ്ടപായമടയുന്നു

18   
അടയുന്നിന്ദ്രിയവായീ-
ന്നടിപെടുമതു കണ്ടൊഴിഞ്ഞു മറ്റെല്ലാം
അടിയറ്റിടും തടിവ-
ന്നടിയില്‍ തനിയേ മറിഞ്ഞു വീഴുമ്പോല്‍.

19   
വീഴുമ്പൊഴിവയെല്ലാം
പാഴില്‍ തനിയേ പരന്ന തൂവെളിയാം
ആഴിക്കെട്ടിലവന്‍ താന്‍
വീഴുന്നൊനല്ലിതാണു കൈവല്യം.

20   
കൈവല്യക്കടലൊന്നായ്
വൈമല്യം പൂണ്ടിടുന്നതൊരു വഴിയാം
ജീവിത്വം കെടുമന്നേ
ശൈവലമകലുന്നിതന്നു പരഗതിയാം.

21   
പരഗതിയരുളീടുക നീ   
പുരഹര! ഭഗവാനിതാണു കര്‍ത്തവ്യം
ഹര ഹര ശിവപെരുമാനേ
ഹര ഹര വെളിയും നിറഞ്ഞ കൂരിരുളും.

22   
ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ,
അരുളീടുകകൊണ്ടറിയാ-
തരുളീടുന്നേ,നിതിന്നു വരമരുളേ!

23   
അരുളേ! നിന്‍കളിയരുളാ-
ലരുളീടുന്നീയെനിക്കൊരരുമറയേ!
ഇരുളേ വെളിയേ നടുവാ-
മരുളേ! കരളില്‍ കളിക്കുമൊരു പൊരുളേ!

24   
പൊരുളേ! പരിമളമിയലും
പൊരുളേതാണാ നിറഞ്ഞ നിറപൊരുളേ!
അരുളേ അരുലീടുക തേ-
രുരുളേറായ്‌വാനെനിക്കിതിഹ പരനേ.

25
പരനേ പരയാം തിരയില്‍-
പ്പരനേതാവായിടുന്ന പശുപതിയേ!
ഹരനേയരികില്‍ വിളിച്ചീ-
ടൊരുനേരവുമിങ്ങിരുത്തുകരുതരുതേ!
   
26   
അരുതേ പറവാനുയിരോ-
ടൊരു പെരുവെളിയായ നിന്റെ മാഹാത്മ്യം;
ചെറുതും നിന്‍കൃപയെന്ന്യേ
വെറുതേ ഞാനിങ്ങിരിക്കുമോ ശിവനേ.

27   
ശിവനേ! നിന്നിലിരുന്നി-
ച്ചെവി മിഴി മുതലായിറങ്ങി മേയുന്നു.
ഇവയൊടുകൂടി വരുമ്മ-
റ്റവകളുമെല്ലാ, മിതെന്തു മറിമായം?

28   
മറിമായപ്പൊടിയറുമ-
മ്മറവാല്‍ മൂടപ്പെടുന്ന പരവെളിയേ!
ചെറുതൊന്നൊന്നുമതൊന്നാ-
മ്മറവൊത്തിളകിപ്പുകഞ്ഞ പുകയും നീ.

29
പുകയേ! പൊടിയേ പുറമേ!
യകമേ വെളിയേ നിറഞ്ഞ പുതുമയേ!
ഇഹമേ പരമേ ഇടയേ
സുഖമേകണമേ കനിഞ്ഞു നിയകമേ.

30   
അകവും പുറവുമൊഴിഞ്ഞെന്‍-
ഭഗവാനേ! നീ നിറഞ്ഞു വാഴുന്നു.
പുകള്‍ പൊങ്ങിനെ നിന്‍ മിഴിയില്‍
പുകയേ, ഇക്കണ്ടതൊക്കെയും പകയേ.

31   
പകയാമിതു നെയ്യുരുകും
നികരായ് നീരാക്കിടുന്ന നരഹരിയേ!
പക ചെയ്വതുമിങ്ങിനിമേല്‍
പുകയായ് വാനില്‍ ചുഴറ്റി വിടിമെരിയേ.

32
എരിനീരൊടു നിലമുരുകി
പ്പെരുകിപ്പുകയായ് മുഴങ്ങി വരുമൊലിയേ!
അരുമറ തിരയുന്നൊരു നി-
ന്തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ!

33   
വിളിയേ! വിലപെറുമൊരു മണി-
യൊലിയേ! വിളിയേ പറന്നു വരുമളിയേ!
ഇളകും പരിമളമൊടു ചുവ-
യൊളിയും പൊടിയായ് വരുത്തിയൊരു നിലയേ!

34   
നിലയില്ലാതെ കൊടുങ്കാ-
റ്റലയുന്നതു പോല്‍ നിവര്‍ന്നു വരുമിരുളോ?
അലയും തലയിലണിഞ്ഞ-
ങ്ങലയുന്നിതു, താന്‍ പുതയ്ക്കുമൊരു തൊലിയോ?

35   
തൊലിയുമെടുത്തു പുതച്ചാ-
ക്കലിയെക്കഴലാലഴിക്കുമൊരു കലിയേ!
കലിയും കാലല്‍ തുലയും
നിലയേയെല്ലാ നിലയ്ക്കുമൊരു തലയേ!

36   
ഒരു തലയിരുളും വെളിയും
വരവുമൊരരുമക്കൊടുക്കു സുരതരുവേ!
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!

37   
ശരി പറവതിനും മതി നിന്‍-
ചരിതമൊടതുകൊണ്ടിതിന്നു നികരിതുവേ,
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!

38   
പൊരുളും പദവുമൊഴിഞ്ഞ-
ങ്ങരുളും പരയും കടന്നു വരുമലയേ!
വരളും നാവു നനച്ചാ-
ലുരുള്‍ പൊങ്ങും വാരിധിക്കതൊരു കുറയോ?

39   
കുറയെന്നൊന്നു കുറിക്കും
മറയോ തേടുന്നതിന്നു മറുകരയേ!
നിറവില്ലയ്യോ! ഭഗവാ-
നറിയുന്നില്ലീ രഹസ്യമിതു സകലം.

40   
സകലം കേവലമൊടു പൊ-
യകലുമ്പൊഴങ്ങുദിക്കുമൊരു വഴിയേ!
സഹസനകാദികളൊടു പോയ്-
ത്തികവായീടും വിളിക്കുമൊരു മൊഴിയേ!

(ഇവിടം മുതല്‍ 40 പദ്യം കാണ്‍മാനില്ല.)

81   
ഒന്നുമറിഞ്ഞീല്ലയ്യോ!
നിന്നുടെ ലീലാവിശേഷമിതു വലുതേ.
പൊന്നിന്‍കൊടിയൊരു ഭാഗം
തന്നില്‍ ചുറ്റിപ്പടര്‍ന്ന തനിമരമേ!

82   
തനിമരമേ തണലിനിയീ
നിന്‍കനി, കഴലിണയെന്‍ തലയ്ക്കു പൂവനിയേ;
കനകക്കൊടി കൊണ്ടാടും
തനിമാമലയോ, യിതെന്തു കണ്‍മായം?

83   
കണ്‍മായങ്ങളിതെല്ലാം
കണ്‍മൂന്നുണ്ടായിരുന്നു കണ്ടീലേ!
വെണ്‍മതി ചൂടി വിളങ്ങും
കണ്മണിയേ! പുംകഴല്ക്കു കൈതൊഴുതേന്‍.

84   
കൈതൊഴുമടിയനെ നീയ   
കൈതവനിലയീന്നെടുത്തു നിന്നടിയില്‍
കൈതഴവിച്ചേര്‍ക്കണമേ, നിന്‍-
പൈതലിതെന്നോര്‍ത്തു നിന്‍ഭരമേ,

85   
നിന്‍ഭരമല്ലാതൊന്നി-
ല്ലമ്പിളി ചൂടും നിലിമ്പനായകമേ!
വന്‍പെഴുമിമ്മലമായ-
ക്കൊമ്പതിനൊന്നായ് വിലയ്ക്കു നല്കരുതേ.

86   
നല്കണമടിയനു നിന്‍പൂ-
പ്പൈങ്കഴലിണ നീരണിഞ്ഞ വെണ്മലയേ!
കൂകും പൂങ്കുയിലേറി-
പ്പോകും പൊന്നിന്‍കൊടിക്കു പുതുമരമേ!

87
പുതുമരമേ പൂംകൊടി വ-
ന്നതുമിതുകൊക്കെപ്പരന്ന നിന്‍കൃപയേ
പദമലരിണയെന്‍ തലയില്‍
പതിയണമെന്മെയ് കലര്‍ന്നുകൊള്ളണമേ!

88   
കൊള്ളണമെന്നെയടിക്കായ്-
ത്തള്ളരുതേ നിന്‍ കൃപയ്ക്കു കുറയരുതേ;
എള്ളളവും കനിവില്ലാ-
തുള്ളവനെന്നോര്‍ത്തൊഴിഞ്ഞു പോകരുതേ.

89   
പോകരുതിനി നിന്നടിയില്‍
ചാകണമല്ലെന്നിരിക്കിലിവനിന്നും
വേകുമിരുള്‍ക്കടലില്‍ വീ-
ണാകുലമുണ്ടാമതിന്നു പറയണമോ?

90   
പറയണമെന്നില്ലല്ലോ
അറിവാമടിയെന്‍ മുടിക്കു ചൂടണമേ!
അറിവറെറാന്നായ് വരുമെ-
ന്നറിയാതൊന്നായിരുന്നു വേദിയനേ!

91   
വേദിയരോതും വേദം
കാതിലടങ്ങുന്നിവണ്ണമിവ പലതും
ആദിയൊടന്തവുമില്ലാ-
തേതിനൊടൊന്നായ് വരുന്നതതു നീയേ!
   
92
അതു നീയെന്നാലിവനോ-
ടുദിയാതൊന്നായിരിക്കുമരുമുതലേ!
ഗതിയില്ലയോ! നിന്മെയ്   
പതിയെത്തന്നെന്‍ പശുത്വമറു പതിയേ!

93   
പതിയേതെന്നറിയാതെന്‍-
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
മതികെട്ടൊന്നിലുമില്ലാ-
തതിവാദം കൊണ്ടൊഴിഞ്ഞു പോകുന്നു.

94   
പോകും മണ്ണൊടു തീ നീ-
രോഹരിപോലെ മരുത്തിനൊടു വെളിയും
നാകമൊടൊരു നരകം പോ-
യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ!

95
അടിയൊടു മുടി നടുവറ്റെന്‍-
പിടിയിലടങ്ങാതിരുന്നു പല പൊരുളും
വടിവാക്കിക്കൊണ്ടവയെല്ലാം
നിന്നോടൊന്നായ് വരുന്നു കളവല്ലേ.

96   
ഒന്നെന്നും രണ്ടെന്നും
നിന്നിവനെന്നും പറഞ്ഞു പതറരുതേ
ഇന്നിക്കണ്ടവയെല്ലാം
നിന്നോടൊന്നായ് വരുന്നു താനയ്യോ!

97   
അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ!
കൊല്ലെന്നോടുയിരെക്കൊ-
ണ്ടല്ലേ നീ കൈവിലയ്ക്കു താനയ്യോ

98   
അയ്യോ! നീയെന്നുള്ളും
പൊയ്യേ! പുറവും പൊതിഞ്ഞു മേവുന്നു:
മെയ്യാറാനായ് വന്നേന്‍.
കയ്യേന്തിക്കൊണ്ടൊഴിഞ്ഞു പോകുന്നു.

99   
കുന്നും മലയുമിതെല്ലാ-
മൊന്നൊന്നായ് പൊന്നടിക്കു കൂട്ടാക്കി
നിന്നപ്പോളടിയോടെന്‍-
പൊന്നിന്‍ കൊടികൊണ്ടമഴ്ന്നതെന്തയ്യോ!

100   
എന്തയ്യോ! നീയെന്നും
ചിന്തയ്ക്കണയുന്നൊഴിഞ്ഞ ചിന്മയമേ!
വെന്തറ്റിടുമഹന്തയ്   
ക്കന്തിപ്പിറയേയണിഞ്ഞ കോമളമേ!

പിണ്ഡനന്ദി

1   
ഗര്‍ഭത്തില്‍ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മേപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ!

2   
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്കി വളര്‍ന്ന ശംഭോ!

3   
കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു!
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.

4   
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളര്‍ന്നതഹോ! വിചിത്രം;
എന്‍തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!

5   
നാലഞ്ചു മാസമൊരുപോല്‍ നയനങ്ങള്‍ വച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!

6   
രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ കിടന്നേന്‍,
മാതാവുമില്ലയവിടെയന്നു പിതാവുമില്ലെന്‍-
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ

7   
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങു തന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!

8   
എന്‍ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു.
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
   
9   
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!

ചിതംബരാഷ്ടകം

1    ബ്രഹ്മമുഖാമരവന്ദിത ലിങ്ഗം
    ജന്മജരാമരണാന്തകലിങ്ഗം
    കര്‍മ്മനിവാരണ കൗശലലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

2    കല്പകമൂല പ്രതിഷ്ഠിതലിങ്ഗം
    ദര്‍പ്പകനാശ യുധിഷ്ഠിതലിങ്ഗം
    കുപ്രകൃതി പ്രകരാന്തകലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

3    സ്കന്ദഗണേശ്വര കല്പിതലിങ്ഗം
    കിന്നരചാരണ ഗായകലിങ്ഗം
    പന്നഗഭൂഷണ പാവനലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

4    സാംബസദാശിവ ശങ്കരലിങ്ഗം
    കാമ്യവരപ്രദ കോമളലിങ്ഗം
    സാമ്യവിഹീന സുമാനസലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം.

5    കലിമലകാനന പാവകലിങ്ഗം
    സലിലതരംഗ വിഭൂഷണലിങ്ഗം
    സലിലതരംഗ വിഭൂഷണലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം.

6    അഷ്ടതനു പ്രതിഭാസുരലിങ്ഗം
    വിഷ്ടപനാഥ വികസ്വരലിങ്ഗം
    ശിഷ്ടജനാവന ശീലിതലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം.

7    അന്തകമര്‍ദ്ധന ബന്ധുരലിങ്ഗം
    കൃന്തിതകാമ കളേബരലിങ്ഗം
    ജന്തുഹൃദിസ്ഥിത ജീവകലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

8    പുഷ്ടധിയസ്സുചിദംബര ലിങ്ഗം
    ദൃഷമിദം മനസാനുപഠന്തി
    അഷ്ടകമേത്ദവാങ്മനസീയം
    അഷ്ടതനും പ്രതി യാന്തി നരാസ്തേ.  

തേവാരപ്പതികങ്കള്‍

നയിനാര്‍ പതികം
1  ഞാനോതയമേ! ഞാതുരുവേ!
    നാമാതിയിലാ നര്‍ക്കതിയേ!
    യാനോ നീയോ യാതി പരം
    യാതായ് വിടുമോ പേചായേ,
    തേനാര്‍ തില്ലൈച്ചീരടിയാര്‍
    തേടും നാടാമരുമാനൂര്‍-
    കോനേ! മാനേര്‍ വിഴി പാകം
    കൊണ്ടായ് നയിനാര്‍ നായകമേ!

2    ആള്‍വായ് നീയെന്നാവിയൊടീ
    യാക്കൈ പൊരുള്‍ മുമ്മലമുതിരും
    തേള്‍വായിടൈയിറ്റിരിയാമ-
    റ്റെവേ കാവായ് പെരിയൊവേ!
    നാള്‍ വാടന്തം നരുനരെന
    നെരുക്കിന്‍റാടാരായോ
    നാതാ, നയിനാര്‍ നായകമേ!

3   ഉരുവായരുവായരുവുരുവാ-
    യൊന്‍റായ് പലവായുയിര്‍ക്കുയിരായ്
    തെരുളായരുളായ് തേരുരുണി-
    ന്റ്ടമായ് നടുമാത്തിരൈ വടിയായ്
    ഇരുളായ് വെളിയായികപരമാ-
    യിന്‍റായന്‍റായരുമാനൂര്‍
    മരുവായ് വരുവായെനൈയാള്‍വായ്
    നാതാ, നയിനാര്‍ നയകമേ!

4   വാനായ് മലൈയായ് വാടിയിനും
    വാണാള്‍ വീണായഴിയുമുനെന്‍
    ഊനായുയിരായുടയോനായ്
    ഒന്‍റായ് മൂന്‍റായ് വാരായോ
    കാനായനലായ് കനൈ കടലായ്
    കാരായ് വെളിയായരുമാനൂര്‍
    താനായ് നിര്‍ക്കും തര്‍പരമുന്‍
    താള്‍ താ നയിനാര്‍ നായകമേ!

5    പൂവായ് മണമായ് പുണരചമായ്
    പൊടിയായ് മുടിയായ് നെടിയോനായ്
    തീവായുരുവായ് തിരിചിതമായ്
    തേനാരമുതായ് തികഴ്കിന്‍റായ്
    നീ വാ കാവായെനൈയാള്‍വായ്
    നിത്താ! ചിത്തായരുമാനൂര്‍-
    തേവാ- മൂവാ മുതര്‍കോനേ!
    തേനേ! നയിനാര്‍ നായകമേ!

6    അരിയും വിതിയും തേടിയിനും
    അറിയായെരിയായരുവുരുവായ്
    മറിയാമറിമാനിടവടിവായ്
    മടിയാതേയിനി വാ കാവായ്
    പിരിയാതെനൈയാള്‍വായ് തേവ-
    പ്പിരിയ പ്പെരിയോരരുമാനൂര്‍
    പുരിവാണരുളീടും കോവേ!
    പൂവേ! നയിനാര്‍ നായകമേ!

7    അന്‍റോയിന്‍റോ യമതൂതര്‍-
    ക്കന്‍റേ നിന്‍റാടാരായോ
    കുന്‍റേ! കുടൈയേ! കോതനമേ!
    കോവേ! കാവായ് കുലതേവേ!
    അന്‍റേയിന്‍റേയാരടിയേ-
    നായേ നീയേയരുമാനൂര്‍
    നിന്‍റായ് നിന്‍റാടാരായോ
    നാതാ! നയിനാര്‍ നായകമേ!

8    നിന്‍റാരടിചേരടിയാര്‍തം
    നിന്‍റാനിയലാം നീക്കി നിതം
    ചന്താനമതായ് നിന്‍റാളും
    ചന്താപമിലാ നന്‍മയമേ!
    വന്‍ താപമിലാതെന്‍ മുന്‍ നീ
    വന്താള്‍ വായേയരുമാനൂര്‍-
    നന്തായ് നിന്‍റാടാരായോ
    നാതാ! നയിനാള്‍ നായകമേ!

9    പൊന്നേ! മണിയേ മരകതമേ!
    പൂവേ! മതുവേ! പൂമ്പൊടിയേ!
    മന്നേ മയിലേ കുയിലേ! വന്‍-
    മലൈയേ ചിലൈയേ മാനിലമേ!
    എന്നേയിനിയാള്‍വായ് നീയേ-
    യെളിയേന്‍ നായേനരുമാനൂര്‍
    തന്നന്തനിയേ നിന്‍റായ് നിന്‍-
    താള്‍താ നയിനാള്‍ നായകമേ!

10    കല്ലോ മരമോ കാരയമോ
    കടിനം നന്നൈഞ്ചറിയേന്‍ യാന്‍
    അല്ലോ പകലോ ഉന്നടി വി-
    ട്ടല്ലോകലമായ് നിന്‍റടിയേന്‍
    ചൊല്ലാവല്ലാ ചരുതി മുടി-
    ച്ചൊല്ലാനല്ലായരുമാനൂര്‍
    നല്ലാര്‍മണിമാതവ! കാവായ്
    നാതാ! നയിനാര്‍ നായകമേ!

പതികം 2

1    എങ്കും നിറൈന്തെതിരറ്റിമയാതവ-
    രിന്‍ പൂറു ചിര്‍ചുടരേ!
    പൊങ്കും പവക്കടലിര്‍പ്പടിയാത പടിക്കു-
    ന്നരുള്‍ പുരിവായ്
    തിങ്കറ്റിരുമുടിയിറ്റികഴും തിവ്വിയ
    തേചോമയാനന്തമേ!
    തങ്കക്കൊടിയേ! നമൈ തടുത്താട്-
    കൊള്‍വായ്  നീ കരുണാനിതിയേ!

2    തീയേ തിരുനീറണിയും തിരുമേനിയി-
    റ്റിങ്കളൊളി മിളിരും
    നീയേ നിരൈയക്കടലില്‍ കനിമമഞ്ചനം
    ചെയ്യാതരുള്‍ പുരിവായ്
    കായും പുനലും കനിയും കനല്‍വാ
    തൈവത്തെയ് നിനന്തരുന്തിക്കണ്ണീര്‍
    പായും പടി പടിയില്‍ പരമാനന്തം
    പെയ്യും പരഞ്ചുടരേ!

3    ചുടരേ ചുടര്‍ വിട്ടൊളിയും ചുരര്‍
    ചൂഴ്‌ന്തിരുക്കും ചുരവിച്ചുടര്‍ ചൂഴ്-
    ക്കടലേ മതി കങ്കൈയരവങ്കടങ്കു-
    ങ്കവരി വിരിചടൈയായ്
    വിടമുണ്ടമുതും കനിയും  മിടര്‍
    കണ്ടിലനയിനവനിമിചൈ
    കുടികൊണ്ടതിനാലെന്‍ കൊല്‍
    കൊന്‍റലരണിന്തു കൂവും കുയിലേ!

4    കുയില്‍വാണി കുരുമ്പൈ മുലൈയുമൈ
    കൂടി നിന്‍റാടും കരുമണിയേ
    മയില്‍ വാകനന്‍ വന്തരുളും മണിമന്തിരം-
    കോള്‍മയിര്‍ മേനിയനേ!
    കയര്‍ക്കണ്ണിയര്‍ കണ്‍കള്‍ മൂന്‍റും
    കതിര്‍ തിങ്കളുമങ്കിയുമങ്കൊളിരും
    പുയങ്കം പുനലും ചടൈയും പുലൈ-
    നായിനേര്‍ക്കമ്പുവിയിര്‍ പുലനേ!

5    പുലുനറ്റുപ്പൊറികളറ്റുപ്പരിപൂരണ-
    പോതം പുകന്റെ പുത്തേ-
    ളുലകറ്റുടലോടുയിരുള്ളമുടങ്കു-
    മിടങ്കൊടുരും പൊഴിന്ത
    നിലൈ പെറ്റു നിരഞ്ചനമാകി നിരുപാതികൈ-
    നിത്തിരൈക്കടലേ
    അലൈ പൊങ്കിയടിങ്കി മടങ്കിയല-
    ങ്കോലമാകാതരുള്‍ പുരിവായ്.

6    വായിര്‍ക്കുടമെന വരമ്പിലേവ-
    ക്കടലിര്‍വഴിത്തങ്കുമിങ്കും
    നായികടേതിനും നട്ടന്തിരിയാത-
    നുക്കിരകം നല്‍കിടുവായ്
    പായുമ്മിരുകമും പരചും പടര്‍പൊ-
    ങ്കരവിന്‍ പടമുഞ്ചടൈയിര്‍
    ചായും ചിറുപിറൈയും ചരണങ്കളും
    ചറുവം ചരണ്‍ പുരിവാം.

7    പുരിവായിര്‍ പുതൈന്തു മുന്നം പൊന്‍-
    മലൈയൈ ചിലൈനായ് കുനിത്തുപ്പൂട്ടി
    പുരിമൂന്‍റുമെരിഞ്ഞ പുരാനുമ്പര്‍ തമ്പിരാ-
    നെന്‍ പെരുമാന്‍ പൊതുവായ്
    പുരിയുന്നടനപുവിയിര്‍ പുലൈ നായിനേ-
    നമ്പൂതിയിറ്റിരൈ പോ-
    റ്റിരിയും ചകന്മായൈച്ചിക്കിത്തിരിന്തി-
    യന്തോ ചെമ്മേനിയനേ!

8    ചെമ്മേനി ചിവപെരുമാന്‍ ചിരമാലൈയണിന്തു
    ചെങ്കോല്‍ ചെലുത്തി
    ചെമ്മാന്തിരം വേരറുപ്പോന്‍ തിരുമന്തിരാല്‍
    ചെമ്മെചെരുക്കറുപ്പോന്‍
    പെമ്മാന്‍ പിണക്കാടനെന്‍റും പെരുമ്പിത്ത-
    നെന്‍റും പെരിയോര്‍ പെയരി-
    ട്ടിമ്മാനിടവീട്ടിലണങ്കുമുയ്യും വകൈ-
    യെങ്ങനന്തോയിയമ്പായ്.

9    ഇയമ്പും പതമും പൊരുളുമിറൈ-
    യിന്‍റിയിരുകക്കുമിന്ത
    വിയപ്പന്‍ വെളിവാനതെങ്ങന്‍ വിളൈയാത
    വിളൈയും മതിയെന്‍കൊലോ
    ചേയിക്കും വഴിയെങ്ങനേയെങ്കല്‍ ചെമ്പൊര്‍-
    ച്ചോതിയേ! യെന്‍മയരറുക്കും-
    തയൈക്കെന്ന കൈമാറു ചെയ്‌വേന്‍ തയാ
    വാരിതിയേ തരമിറ്റമിയേന്‍.

10    തമിയേന്‍ തവം ചെയ്തറിയേന്‍ ചപാനായ-
    കര്‍ ചന്നിതിക്കേ തിനമും
    കവിയേന്‍ കഴല്‍ കണ്ടു കൈകൂപ്പിക്കടൈ-
    ക്കണ്ണീര്‍ വാര്‍ത്തുക്കനിന്തുമിലെന്‍
    നവിന്‍ മാലൈപ്പുനൈന്തുമിലേന്‍ നാല്‌വര്‍
    നാവലര്‍ ചൂഴും തിരുവടിക്കും
    പുവി മീതെനൈയേ വകുത്തായ് പുലൈനാ-
    യേന്‍ പിഴൈപ്പതെങ്ങന്‍ പുകല്‍വായ്.

പതികം 3

1    ഓമാതിയില്‍ നിര്‍ക്കും പൊരുള്‍ നീതാനുലകെങ്കും
    താമാകി വളര്‍ന്തോങ്കിയചാമാനിയ തേവേ!
    വ്യോമാനലപൂനീരൊലിയോടാവി വിളക്കോ-
    ടാമാതനു വാരായി നമുക്കായമിതാമേ.

2    ആമോതമുമാമിന്ത മകാമന്തിരമൊന്‍റും
    നാമാതു നമുക്കിന്‍റരുളായോ നമൈയാളും
    കോമാനരുളും കൊണ്ട കുഴാം കൂവിയണൈന്താ-
    ലാമോതമുമാമിന്ത മകാമന്തിരമെല്ലാം.

3    എല്ലാവുയിരും നിന്നുരുവെല്ലാവുടലും നീ-
    രെല്ലാവുലകും നിന്‍കളിയല്ലാതവൈയില്ലൈ
    പൊല്ലാതനവെല്ലാം പൊടിചെയ്താണ്ടരുള്‍ പൂവീര്‍
    പല്ലാരുയിരാളും പരതേവേ! ചുരകോവേ!

4    കോവേറുപിരാനേ! കുറിയറേറാങ്കി വിളങ്കും
    മൂവേഴുലകും കോന്തുമെഴും മോനവിളക്കേ!
    പൂവേറുപിരാനും നെടുമാലും പൊടികാണാ-
    താവേചര്‍കളാനാരുരുവാരോരറിവാരോ?

5    വാരോ വാരൈയോ വാരിതിയോ വാനവര്‍ ചേരും
    താരോ തരൈയോ തണ്‍മലരോ തര്‍പരനേ നീ   
    യാരോ നീയറിയേനടിയേനരുള്‍വായേ
    നീരാറണിവോനേ! നിതമാള്‍വായ് നിമ്മലനേ

6    നിമലാ! നിത്തിയനേ നിര്‍പ്പയനേ നിര്‍ക്കുണനേ!
    അവമേ പൂവി നായേനഴിയാതേ നിത്മാള്‍വായ്
    നമനൈക്കഴലാല്‍ ക്കായ്ന്ത നടേചാ! നമൈ നീയേ
    പുവിമീതരുള്‍ വാരം പുരുവായേ പെരുമാനേ!

7    മാനേ മതി ചൂടും മറൈയോനേ ചടൈയാടീ
    വാനോര്‍കള്‍ വണങ്കും വടിവേ! വന്തരുള്‍വായേ;
    തേനേ തെളിവേ തീഞ്ചുവയേ തിവ്യരചം ത-
    ന്തോനേ! തുണൈയേ തെന്‍മറൈയിരാറുണര്‍വോനേ!

8    ഉണര്‍വാരറിവാരോ അറിവാരെങ്കുമിലങ്കും
    ഉണര്‍വേ പൊര്‍കുവൈയേ പോതവരമ്പിന്‍റിയ പൂവേ
    പുനലേ പുത്തമുതേ വിത്തകമേ വന്തരുണീ-
    രനലേ വെളിയേ മാരുതമേ മാനിലമേ വാ!

9    വാ വാ ചടയിര്‍ക്കങ്കൈ വളര്‍ക്കും മണിയെയെന്‍-
    പവായ് മതിയേ പങ്കയമേ പന്‍മറൈയീറായ്
    തേവാതികള്‍ പോറ്റും തെളിവേ തിണ്‍കടല്‍ ചേരും
    നാവായെനൈയാള്‍വായ് നതി ചൂടിനരകാരേ!

10    കാരേറു കയര്‍ക്കണ്ണീയര്‍ വീചും വലൈയിര്‍പ്പ-
    ട്ടാരാരഴിയാതോരവമേ നീയറിയായോ
    ഏരേറു പിരാനും നെടുമാലും പൊടികാണാ   
    ചാരാമുതമൊന്‍റീന്‍റരുളായേ പെരുമാനേ!

പതികം 4

1    തിരിചനം തിരുട്ടിത്തിരുചിയങ്കളറ്റുത്തികമ്പരിയായ്-
    പ്പരിയടനം ചെയ്യും പണ്ടിതരുള്ളം പലികൊടുത്തു-
    ത്തുരിചറച്ചുട്ടുത്തത്തുവങ്കളറ്റുത്തനി മുതലായ്-
    ക്കരിചനം കണ്ട കറൈക്കണ്ടരെന്‍ കുലതൈവതമേ!

2    ആതാരചത്തിന്‍ പരിപൂരണത്തിലചത്പിരപഞ്ച-
    പാതാരകിതം പവിക്കുമപ്പട്‌ചം പിടിവിടാതെ
    നാതപരൈയിന്നടുനിന്റെ നാട്ടനഴുവിയാത്മാ
    പോതങ്കെടുത്തു പുനരുത്തിതി വിട്ടതെന്‍ തൈവമേ!

3    വാനറ്റു മണ്ണെരുപ്പരുപ്പറ്റു വനന്തിചിക്കുറ്റമറ്റു
    കാനറ്റു കാലചക്കിരപ്പിരമമറ്റു ക്കതിരൊളിവായ്
    ഞാനക്കനല്കരിയറ്റു ഞാതിര്‍ കുരുമൂലമറ്റു
    മാനങ്കളറ്റു മകാമൗനമെന്‍ കണ്‍മണിത്തൈവമേ!

4    മുപ്പത്തിമുക്കോടിയറ്റു മുമ്മൂര്‍ത്തികള്‍ പേതമറ്റു
    കര്‍പിതത്തൊയ്‌തപ്പിരപഞ്ചമാം കാനര്‍ക്കമലമറ്റു
    മുപ്പൊരുളറ്റു മുപ്പാരറ്റു മുത്തികള്‍ മുന്‍റുമറ്റു
    മുര്‍പടും മുക്കട് കുരുമണിക്കോവെന്‍ കുലതൈവമേ!

5    വാക്കുമനമറ്റു വാന്‍ചുടരായ് വടിവൊന്‍റുമറ്റു
    നോക്കുമിടങ്കണെരുങ്കി നോക്കുക്കൊള്ളതിചയമായ്
    ചൂക്കുമത്തിര്‍ക്കുമതിചുക്കുമമായ് ചുഞ്ചോതിയായ്
    കാക്കുമെന്‍ കാരുണ്ണിയചാലി നമുക്കുക്കുലതൈവമേ.

6    വിരുത്തിയില്‍ തോന്‍റി വിരികിന്റെ വിചുവ
            പിരമമനൈത്തും
    വിരുത്തിയിനുള്ളേ ലയിപ്പിത്തു വിരുത്തിചത്തി കലര്‍ന്തു
    വിരുത്തിയ വിരുത്തികളറ്റു വിറക റെറരിചുടര്‍പോല്‍
    ചത്തുചിത്താനന്തപൂരണച്ചെല്‍വഞ്ചെയ്യ നമക്കേ.

7    പിരമച്ചരൂപം പിരമംകൊണ്ടു പേതപ്പെടുത്തിനാല്‍
    കരുമടര്‍ പിരാരപ്തകരുമത്തിനാല്‍ കരി കണ്ടതുപോല്‍
    കരുമക്കുരുടര്‍ കരങ്കൊണ്ടു കട്ടിപ്പിടിപ്പതിനോ
    കരുമിച്ചിടുന്നു കരുണാകര കതിയെന്നവര്‍ക്കേ.

8    എല്ലാമവന്‍ ചെയലിന്റെ മക്കുള്ളോരെളിതരുളാല്‍
    ചൊല്ലാമര്‍ ചൊല്ലിയ ചൂക്കുമചുകപ്പൊരുട്ടുവെളിയില്‍
    പല്ലായിരങ്കോടിയണ്ടം പലികൊടുത്തപ്പൂവിയിര്‍
    ചൊല്ലാതു ചെന്മനി വിരുത്തി വരുമൊ ചിവതൈവമേ!

9    എല്ലാമകമകമെന്റേകപോതം വരുത്തിയതും
    നില്ലാതു നിന്നില്‍ കലത്തി നീയു നാനുമറ്റിടത്തു
    തൊല്ലൈയറുമെന്‍റു തൊന്തത്തിനിര്‍ ക്കിടന്തെപ്പൊഴുതും
    തൊല്ലിത്തൊഴുമെന്‍റുയരമൊഴിക്ക ചുകക്കടലേ!

10    പൂരണചത്തിലചര്‍പ്പാതമറ്റു പ്പുരാതനമാം
    കാരണമറ്റു ക്കരുവറ്റു ക്കാര്യചങ്കര്‍പ്പമറ്റു
    താരണൈയും വിട്ടു തത്തുവം പത അത്ത്വൈതപ്പൊരുളാം
 മാരണങ്കൊട്ടിയടിയറ്റ രൂപമെന്‍ തൈവതമേ!

പതികം  5

1   
ചിത്തെന്‍റുരൈക്കിര്‍ ചടപാതകമുണ്ടതൈപ്പിരിത്തു-
ച്ചത്തെന്‍റു ചൊല്ലിലചത്തുമങ്കേ വന്തു ചാര്‍ന്തിടുമാല്‍
ചുന്തം കുളുര്‍ത്ത ചുകമെനില്‍ തുക്കമനൈത്തുമറേറാ-
രിത്തന്മയുള്ളൊരു തെയ്‌വമെന്‍റും നമുക്കുള്ളതേ!

2  
ചിര്‍ചടമറ്റു ച്ചെറിന്തിലങ്കിച്ചതചത്തുമറ്റു
പര്‍പല കാട് ചിര്‍ത്തുകളറ്റു പ്പന്തനിര്‍മോട്‌മച്ചമറ്റു
ചര്‍കരൈയിന്‍ ചുവൈപോലന്‍പരുള്ളങ്കവര്‍ന്തു  നിര്‍ക്കു-
മിത്തന്മൈയുള്ളൊരു തെയ്വതമെന്‍റും നമുക്കുള്ളതേ!


ഒന്‍റന്റിരണ്ടെനും കുറ്റം പവിക്കുമതന്‍റി വെറും
കുന്റെനിര്‍ പള്ളമും നേരെ വിരുത്തങ്കുറിത്തിടിലോ
കുന്‍റിടുങ്കുറ്റങ്കുടിന്തന്‍പരുള്ളങ്കവര്‍ന്ത പിഞ്ഞ-
കന്‍റന്‍ തിരുവിളൈയാടലിക്കണ്ടതുലകമെല്ലാം.

4  
ഈ ലുങ്കണത്തിലിരുക്കുകൈ കുറ്റമെതിര്‍ കണത്തിന്‍
മൂലപ്പൊരുളല്ലൈ മൂന്‍റാവതില്‍ പിന്‍ മുടിവുമെങ്കേ
കാലത്തിലൊന്‍റി വിരുപ്പുള്ളതൊന്‍റിര്‍ കടുംപകൈയാം
മാലുമയനുമതിര്‍പ്പെട്ടു രുത്തിരനുമ്മായ്ന്തിടുമേ

5   
മാലുമയനും മഹേചുരന്‍ രുത്തിരന്‍ ചതാചിവനും
കാരചക്കിരമത്തൈക്കണ്ടു കൈകുവിത്തെവ്വുലകും
ലീലൈയില്‍ വൈത്തു ലയിപ്പിത്തു ലിങ്കപ്പിരതിട്ടൈ ചെയ്തു
മേലിളാകാതെ മെഴുകിട്ടുറൈപ്പിത്തതെന്റൈവമേ!

ഒരു തമിഴ് ശ്ലോകം

കണ്‍കളെത്തനൈ കരോടിയെത്തനൈ
    കരിപ്പുലിത്തൊലികളെത്തനൈ
തിങ്കകളിന്‍കലൈ വിടങ്കള്‍ ചീറു-
    മരവങ്കളെത്തന്നെ ചെറിന്തെഴും
കങ്കൈ നീയുമൈതുപോല്‍ കണക്കിലൈ നി-
    നീരില്‍ മൂഴ്കുവോരൊവ്വെന്റെയും
ചംകരിത്തുയരുമങ്കു ചമ്പുവിന്‍
    ചരൂപരാകിയിതു ചത്യമേ.

ശിവസ്തവം

(പ്രപഞ്ചസൃഷ്ടി)
1    ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി-
    ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും
    ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
    കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ!

2    അകമുടലിന്നുമിന്ദിയമൊടുള്ളമഴിഞ്ഞൊഴുമീ-
    പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം
    നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
    ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം.

3    അരുളിലണഞ്ഞിരുള്‍ത്തിര മുഴങ്ങിയെഴുന്ന കുളിര്‍-
    ന്നുരുമിഴി നാവിലമ്മണമുണര്‍ന്നതൊടും പിരിയും
    അര നിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞു വരും
    ദുരിതസമുദ്രമിമ്പമിതിലെങ്ങു  നമുക്കു ശിവ!

4    ശിവ ശിവ മാത്രയില്‍ പലതരം ചിതറുന്നു വെളി-
    ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും
    ശിവ ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു-
    ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!

5    അലയുമിതൊക്കെയും കപടനാടകമെന്നറിയും
    നിലയിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ:
    തലയിലെങ്ങും തരങ്ങ്ഗനിര തല്ലി നിറഞ്ഞു മറ-
    ഞ്ഞലര്‍ശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം?

6    ഇനിയലയാതെ നിന്തിരുവടിക്കടിയില്‍ ദിനവും
    മനമലരിട്ടു കുമ്പിടുമിതില്‍ങ്ങറിയുന്നതു നീ;
    ജനനമെടുത്തു ഞാനിതുകളില്‍ പലതായി വല-
    ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം.

7    അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു-
    ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!
    ജപപടമങ്ഗമാമിതിലിരുന്നു ജപിക്കുകിലി-
    ങ്ങുപരതി വന്നുചേരുമകതാരിലൊരിമ്പമതാം.

8    അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും
    പതി പശു പാശമിങ്ങിതു പരമ്പരയായഴിയും
    മതി കതിരോടു മണ്ണൊളി വിയത്തനിലന്‍ ജലവും
    പതിയുടെ രൂപമെന്നിഹ നമിച്ചു പദം പണിയാം.

9    പണി പലതായ് വരുന്ന കനകത്തിലിരുന്നതുപോ-
    ലണിമിഴികൊണ്ടു നിര്‍മ്കിതമിതൊക്കെയുമത്ഭുതമാം.
    അണിയണമെന്നെ നിന്തിരുവടിക്കടിയന്‍ മലരാ   
    യ്‌നിയനിയായ് നിരന്നു തിരയറ്റുയരും കടലേ!

10    കടലിലെഴും തരങ്ഗനിരപോലെ കലങ്ങി വരു-
    ന്നുടനുടനുള്ളഴിഞ്ഞു പല പറെറാഴിയുന്നതുപോല്‍
    ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
    മുടുമുടയുന്നതിന്നകമെടുത്തരുളീടണമേ!