സ്വാനുഭവഗീതി

1   
മങ്ഗളമെന്മേലരുളും
തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞന്‍,
സങ്ഗമൊന്നിലുമില്ലാ-
തങ്ഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും.

2   
കാണും കണ്ണിലടങ്ങി-
ക്കാണുന്നില്ലീ നിരന്തരം സകലം,
ക്വാണം ചെവിയിലടങ്ങു-
ന്നോണം ത്വക്കില്‍ തുലഞ്ഞു മറ്റതു പോം.

3   
പോമിതിപോലെ തുടങ്ങി-
പ്പോമറുരസ്മപ്പുറത്തു നാവതിലും,
പോമിതുപോലെ തുടങ്ങി-
പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം.

4   
ഇന്ദ്രിയമാടുമന്നാ-
ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം,
മന്നിലുരുണ്ടുവിഴുമ്പോല്‍
തന്നില കൈവിട്ടു തെറ്റി വടമറ്റാല്‍.

5   
അറ്റാലിരുളിലിരിക്കു-
ന്നുറേറാനിവനെന്നുരയ്ക്കിലല്ലലറും,
ചുറ്റും കതിരിടുവോന്‍ തന്‍
ചുറ്റായ് മറെറാരിരുട്ടു വിലസിടുമോ?
   
6   
വിലസിടുവോനിവനെന്നാ-
ലലസത താനെ കടന്നു പിടികൂടും,
നിലയിതു തന്നെ നമുക്കീ
നിലയനമേറുമ്പൊഴാണൊരാനന്ദം.

7   
ആനന്ദക്കടല്‍ പൊങ്ങി-
ത്താനേ പായുന്നിതാ പരന്നൊരു പോല്‍,
ജ്ഞാനം കൊണ്ടിതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം.

8   
ജനമിതു കണ്ടു തെളിഞ്ഞാല്‍
ജനിമൃതി കൈവിട്ടിരിക്കുമന്നിലയില്‍,
മനതളിരൊന്നു കലര്‍ന്നാ-
ലനവരതം സൗഖ്യമന്നു തന്നെ വരും.

9
വരുമിതൊലൊന്നു നിനയ്ക്കില്‍
കരളിലഴിഞ്ഞൊഴുകീടുമിമ്പമറും
കരുതരുതൊന്നുമിതെന്നാ-
ലൊരു പൊരുളായിടുമന്നു തന്നെയവന്‍.

10   
അവനിവനെന്നു നിനയ്ക്കു-
ന്നവനൊരു പതിയെന്നിരിക്കിലും പശുവാം
അവികലമാഗ്രഹമറ്റാ-
ലവകലിതാനന്ദവെള്ളമോടിവരും.

11   
ഓടിവരുന്നൊരു കൂട്ടം
പേടികളൊളി കണ്ടൊഴിഞ്ഞു പോമുടനേ,
മൂടുമൊരുരുള്‍ വന്നതു പി-
ന്നീടും വെളിവായ് വരുന്നു തേന്‍വെള്ളം.

12   
വെള്ളം തീ മുതലായ് നി-
ന്നുള്ളും വെളിയും നിറഞ്ഞു വിലസീടും
കള്ളം കണ്ടുപിടിച്ചാ-
ലുള്ളം കൈകണ്ട നെല്ലിതന്‍ കനിയാം.

13   
കനിയാമൊന്നിലിരുന്നി-
ക്കനകാഡംബരമതിങ്ങു കാണുന്നൂ,
പനിമതി ചൂടുമതിന്‍ മുന്‍-
പനികതിരൊളി കണ്ടിടുന്നപോല്‍ വെളിയാം.
   
14
വെളിയാമതു വന്നെന്‍ മുന്‍-
വെളിവായെല്ലാം വിഴുങ്ങി വെറുവെളിയായ്   
വെളി മുതലഞ്ചിലുമൊന്നായ്
വിളയാടീടുന്നതാണു തിരുനടനം.

15   
നടനം ദര്‍ശനമായാ-
ലുടനേതാനങ്ങിരുന്നു നടുനിലയാം,
നടുനില തന്നിലിരിക്കും
നെടുനാളൊന്നായവന്നു സൗഖ്യം താന്‍.

16   
സൗഖ്യം തന്നെയിതെല്ലാ-
മോര്‍ക്കുന്തോറും നിറഞ്ഞ സൗന്ദര്യം
പാര്‍ക്കില്‍ പാരടി പറ്റി-
പ്പാര്‍ക്കുന്നോനില്‍ പകര്‍ന്ന പഞ്ജരമാം.

17   
പഞ്ജരമാമുടല്‍ മുതലാം
പഞ്ഞിയിലറിവായിടുന്ന തീയിടിലും
മഞ്ഞുകണങ്ങള്‍ കണക്കി-
മ്മഞ്ജുളവെയില്‍കൊണ്ടപായമടയുന്നു

18   
അടയുന്നിന്ദ്രിയവായീ-
ന്നടിപെടുമതു കണ്ടൊഴിഞ്ഞു മറ്റെല്ലാം
അടിയറ്റിടും തടിവ-
ന്നടിയില്‍ തനിയേ മറിഞ്ഞു വീഴുമ്പോല്‍.

19   
വീഴുമ്പൊഴിവയെല്ലാം
പാഴില്‍ തനിയേ പരന്ന തൂവെളിയാം
ആഴിക്കെട്ടിലവന്‍ താന്‍
വീഴുന്നൊനല്ലിതാണു കൈവല്യം.

20   
കൈവല്യക്കടലൊന്നായ്
വൈമല്യം പൂണ്ടിടുന്നതൊരു വഴിയാം
ജീവിത്വം കെടുമന്നേ
ശൈവലമകലുന്നിതന്നു പരഗതിയാം.

21   
പരഗതിയരുളീടുക നീ   
പുരഹര! ഭഗവാനിതാണു കര്‍ത്തവ്യം
ഹര ഹര ശിവപെരുമാനേ
ഹര ഹര വെളിയും നിറഞ്ഞ കൂരിരുളും.

22   
ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ,
അരുളീടുകകൊണ്ടറിയാ-
തരുളീടുന്നേ,നിതിന്നു വരമരുളേ!

23   
അരുളേ! നിന്‍കളിയരുളാ-
ലരുളീടുന്നീയെനിക്കൊരരുമറയേ!
ഇരുളേ വെളിയേ നടുവാ-
മരുളേ! കരളില്‍ കളിക്കുമൊരു പൊരുളേ!

24   
പൊരുളേ! പരിമളമിയലും
പൊരുളേതാണാ നിറഞ്ഞ നിറപൊരുളേ!
അരുളേ അരുലീടുക തേ-
രുരുളേറായ്‌വാനെനിക്കിതിഹ പരനേ.

25
പരനേ പരയാം തിരയില്‍-
പ്പരനേതാവായിടുന്ന പശുപതിയേ!
ഹരനേയരികില്‍ വിളിച്ചീ-
ടൊരുനേരവുമിങ്ങിരുത്തുകരുതരുതേ!
   
26   
അരുതേ പറവാനുയിരോ-
ടൊരു പെരുവെളിയായ നിന്റെ മാഹാത്മ്യം;
ചെറുതും നിന്‍കൃപയെന്ന്യേ
വെറുതേ ഞാനിങ്ങിരിക്കുമോ ശിവനേ.

27   
ശിവനേ! നിന്നിലിരുന്നി-
ച്ചെവി മിഴി മുതലായിറങ്ങി മേയുന്നു.
ഇവയൊടുകൂടി വരുമ്മ-
റ്റവകളുമെല്ലാ, മിതെന്തു മറിമായം?

28   
മറിമായപ്പൊടിയറുമ-
മ്മറവാല്‍ മൂടപ്പെടുന്ന പരവെളിയേ!
ചെറുതൊന്നൊന്നുമതൊന്നാ-
മ്മറവൊത്തിളകിപ്പുകഞ്ഞ പുകയും നീ.

29
പുകയേ! പൊടിയേ പുറമേ!
യകമേ വെളിയേ നിറഞ്ഞ പുതുമയേ!
ഇഹമേ പരമേ ഇടയേ
സുഖമേകണമേ കനിഞ്ഞു നിയകമേ.

30   
അകവും പുറവുമൊഴിഞ്ഞെന്‍-
ഭഗവാനേ! നീ നിറഞ്ഞു വാഴുന്നു.
പുകള്‍ പൊങ്ങിനെ നിന്‍ മിഴിയില്‍
പുകയേ, ഇക്കണ്ടതൊക്കെയും പകയേ.

31   
പകയാമിതു നെയ്യുരുകും
നികരായ് നീരാക്കിടുന്ന നരഹരിയേ!
പക ചെയ്വതുമിങ്ങിനിമേല്‍
പുകയായ് വാനില്‍ ചുഴറ്റി വിടിമെരിയേ.

32
എരിനീരൊടു നിലമുരുകി
പ്പെരുകിപ്പുകയായ് മുഴങ്ങി വരുമൊലിയേ!
അരുമറ തിരയുന്നൊരു നി-
ന്തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ!

33   
വിളിയേ! വിലപെറുമൊരു മണി-
യൊലിയേ! വിളിയേ പറന്നു വരുമളിയേ!
ഇളകും പരിമളമൊടു ചുവ-
യൊളിയും പൊടിയായ് വരുത്തിയൊരു നിലയേ!

34   
നിലയില്ലാതെ കൊടുങ്കാ-
റ്റലയുന്നതു പോല്‍ നിവര്‍ന്നു വരുമിരുളോ?
അലയും തലയിലണിഞ്ഞ-
ങ്ങലയുന്നിതു, താന്‍ പുതയ്ക്കുമൊരു തൊലിയോ?

35   
തൊലിയുമെടുത്തു പുതച്ചാ-
ക്കലിയെക്കഴലാലഴിക്കുമൊരു കലിയേ!
കലിയും കാലല്‍ തുലയും
നിലയേയെല്ലാ നിലയ്ക്കുമൊരു തലയേ!

36   
ഒരു തലയിരുളും വെളിയും
വരവുമൊരരുമക്കൊടുക്കു സുരതരുവേ!
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!

37   
ശരി പറവതിനും മതി നിന്‍-
ചരിതമൊടതുകൊണ്ടിതിന്നു നികരിതുവേ,
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!

38   
പൊരുളും പദവുമൊഴിഞ്ഞ-
ങ്ങരുളും പരയും കടന്നു വരുമലയേ!
വരളും നാവു നനച്ചാ-
ലുരുള്‍ പൊങ്ങും വാരിധിക്കതൊരു കുറയോ?

39   
കുറയെന്നൊന്നു കുറിക്കും
മറയോ തേടുന്നതിന്നു മറുകരയേ!
നിറവില്ലയ്യോ! ഭഗവാ-
നറിയുന്നില്ലീ രഹസ്യമിതു സകലം.

40   
സകലം കേവലമൊടു പൊ-
യകലുമ്പൊഴങ്ങുദിക്കുമൊരു വഴിയേ!
സഹസനകാദികളൊടു പോയ്-
ത്തികവായീടും വിളിക്കുമൊരു മൊഴിയേ!

(ഇവിടം മുതല്‍ 40 പദ്യം കാണ്‍മാനില്ല.)

81   
ഒന്നുമറിഞ്ഞീല്ലയ്യോ!
നിന്നുടെ ലീലാവിശേഷമിതു വലുതേ.
പൊന്നിന്‍കൊടിയൊരു ഭാഗം
തന്നില്‍ ചുറ്റിപ്പടര്‍ന്ന തനിമരമേ!

82   
തനിമരമേ തണലിനിയീ
നിന്‍കനി, കഴലിണയെന്‍ തലയ്ക്കു പൂവനിയേ;
കനകക്കൊടി കൊണ്ടാടും
തനിമാമലയോ, യിതെന്തു കണ്‍മായം?

83   
കണ്‍മായങ്ങളിതെല്ലാം
കണ്‍മൂന്നുണ്ടായിരുന്നു കണ്ടീലേ!
വെണ്‍മതി ചൂടി വിളങ്ങും
കണ്മണിയേ! പുംകഴല്ക്കു കൈതൊഴുതേന്‍.

84   
കൈതൊഴുമടിയനെ നീയ   
കൈതവനിലയീന്നെടുത്തു നിന്നടിയില്‍
കൈതഴവിച്ചേര്‍ക്കണമേ, നിന്‍-
പൈതലിതെന്നോര്‍ത്തു നിന്‍ഭരമേ,

85   
നിന്‍ഭരമല്ലാതൊന്നി-
ല്ലമ്പിളി ചൂടും നിലിമ്പനായകമേ!
വന്‍പെഴുമിമ്മലമായ-
ക്കൊമ്പതിനൊന്നായ് വിലയ്ക്കു നല്കരുതേ.

86   
നല്കണമടിയനു നിന്‍പൂ-
പ്പൈങ്കഴലിണ നീരണിഞ്ഞ വെണ്മലയേ!
കൂകും പൂങ്കുയിലേറി-
പ്പോകും പൊന്നിന്‍കൊടിക്കു പുതുമരമേ!

87
പുതുമരമേ പൂംകൊടി വ-
ന്നതുമിതുകൊക്കെപ്പരന്ന നിന്‍കൃപയേ
പദമലരിണയെന്‍ തലയില്‍
പതിയണമെന്മെയ് കലര്‍ന്നുകൊള്ളണമേ!

88   
കൊള്ളണമെന്നെയടിക്കായ്-
ത്തള്ളരുതേ നിന്‍ കൃപയ്ക്കു കുറയരുതേ;
എള്ളളവും കനിവില്ലാ-
തുള്ളവനെന്നോര്‍ത്തൊഴിഞ്ഞു പോകരുതേ.

89   
പോകരുതിനി നിന്നടിയില്‍
ചാകണമല്ലെന്നിരിക്കിലിവനിന്നും
വേകുമിരുള്‍ക്കടലില്‍ വീ-
ണാകുലമുണ്ടാമതിന്നു പറയണമോ?

90   
പറയണമെന്നില്ലല്ലോ
അറിവാമടിയെന്‍ മുടിക്കു ചൂടണമേ!
അറിവറെറാന്നായ് വരുമെ-
ന്നറിയാതൊന്നായിരുന്നു വേദിയനേ!

91   
വേദിയരോതും വേദം
കാതിലടങ്ങുന്നിവണ്ണമിവ പലതും
ആദിയൊടന്തവുമില്ലാ-
തേതിനൊടൊന്നായ് വരുന്നതതു നീയേ!
   
92
അതു നീയെന്നാലിവനോ-
ടുദിയാതൊന്നായിരിക്കുമരുമുതലേ!
ഗതിയില്ലയോ! നിന്മെയ്   
പതിയെത്തന്നെന്‍ പശുത്വമറു പതിയേ!

93   
പതിയേതെന്നറിയാതെന്‍-
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
മതികെട്ടൊന്നിലുമില്ലാ-
തതിവാദം കൊണ്ടൊഴിഞ്ഞു പോകുന്നു.

94   
പോകും മണ്ണൊടു തീ നീ-
രോഹരിപോലെ മരുത്തിനൊടു വെളിയും
നാകമൊടൊരു നരകം പോ-
യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ!

95
അടിയൊടു മുടി നടുവറ്റെന്‍-
പിടിയിലടങ്ങാതിരുന്നു പല പൊരുളും
വടിവാക്കിക്കൊണ്ടവയെല്ലാം
നിന്നോടൊന്നായ് വരുന്നു കളവല്ലേ.

96   
ഒന്നെന്നും രണ്ടെന്നും
നിന്നിവനെന്നും പറഞ്ഞു പതറരുതേ
ഇന്നിക്കണ്ടവയെല്ലാം
നിന്നോടൊന്നായ് വരുന്നു താനയ്യോ!

97   
അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ!
കൊല്ലെന്നോടുയിരെക്കൊ-
ണ്ടല്ലേ നീ കൈവിലയ്ക്കു താനയ്യോ

98   
അയ്യോ! നീയെന്നുള്ളും
പൊയ്യേ! പുറവും പൊതിഞ്ഞു മേവുന്നു:
മെയ്യാറാനായ് വന്നേന്‍.
കയ്യേന്തിക്കൊണ്ടൊഴിഞ്ഞു പോകുന്നു.

99   
കുന്നും മലയുമിതെല്ലാ-
മൊന്നൊന്നായ് പൊന്നടിക്കു കൂട്ടാക്കി
നിന്നപ്പോളടിയോടെന്‍-
പൊന്നിന്‍ കൊടികൊണ്ടമഴ്ന്നതെന്തയ്യോ!

100   
എന്തയ്യോ! നീയെന്നും
ചിന്തയ്ക്കണയുന്നൊഴിഞ്ഞ ചിന്മയമേ!
വെന്തറ്റിടുമഹന്തയ്   
ക്കന്തിപ്പിറയേയണിഞ്ഞ കോമളമേ!